ബംഗളൂരുവില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്തു; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗിയിലെ അലന്ദ് ടൗണില്‍ നിന്നുള്ള ഡോക്ടര്‍ ശങ്കര്‍ ബാബുറാവുവാണ് ഉപ്പാര്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നീട് സിസിബിയുടെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ചത്. ഡോക്ടറുടെ സുഹൃത്ത് കലബുര്‍ഗി സ്വദേശി നാഗരാജാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്ന ബാബുറാവു തന്റെ മകന് മെഡിക്കല്‍ കോഴ്‌സിന് പ്രവേശനം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്ത് നാഗരാജ് ബാബുറാവുവിന്റെ മകന് ബംഗളൂരുവിലെ പ്രശസ്ത മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കുകയും മെഡിക്കല്‍ സീറ്റിനായി 66 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരാതിക്കാരനായ ഡോക്ടര്‍ 66 ലക്ഷം രൂപ പ്രതി നാഗരാജിന് തവണകളായി നല്‍കിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍, മകന് മെഡിക്കല്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ബാബുറാവു പണം തിരികെ നല്‍കാന്‍ നാഗരാജിനോട് ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല. നാഗരാജ് പിന്നീട് ബാബുറാവിനോട് പണം വാങ്ങാന്‍ ബംഗളൂരുവിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ബംഗളൂരുവിലെ ലോഡ്ജില്‍ ബാബുറാവുവിനെ താമസിക്കാന്‍ നാഗരാജ് ഒരു മുറി ബുക്ക് ചെയ്തിരുന്നു. നാഗരാജും അതേ ലോഡ്ജില്‍ താമസിച്ചു.
പുലര്‍ച്ചെ മുറിയുടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ രണ്ടു സ്ത്രീകള്‍ അകത്തു കയറി കട്ടിലില്‍ ഇരുന്നു. തൊട്ടുപിന്നാലെ, പൊലീസ് എന്ന് അവകാശപ്പെടുന്ന മൂന്ന് പേരും എത്തി. അവര്‍ ഡോക്ടറെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തു. ഡോക്ടറില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കൈക്കലാക്കി. തുടര്‍ന്ന് ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന നാഗരാജ് സുഹൃത്തിനെ വിളിച്ചു. പൊലീസ് പെണ്‍വാണിഭ കേസെടുക്കുന്നത് തടയാനാണെന്ന് പറഞ്ഞ് സുഹൃത്ത് ഡോക്ടറോട് 70 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത്രയും പണമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ 50 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കിയ ശേഷവും തന്റെ മുറിയില്‍ വന്ന് അറസ്റ്റിലായ രണ്ട് യുവതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് 20 ലക്ഷം രൂപ കൂടി നാഗരാജ് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതോടെ പ്രതികള്‍ നാല് അപരിചിതരെ അയച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.