43 ലക്ഷം രൂപ തട്ടിയ കേസ്: നൈജീരിയന്‍ പൗരനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
കാസര്‍കോട്: വിദ്യാനഗര്‍ സ്വദേശിയെ കബളിപ്പിച്ച് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന നൈജീരിയന്‍ പൗരന്‍ ആന്റണി ഒഗെനെറോബോ എഫിദേയെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിന് കാസര്‍കോട് പൊലീസ് കോടതിയില്‍ ഹരജി നല്‍കി. മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ വിദ്യാനഗര്‍ ജേണലിസ്റ്റ് കോളനിയിലെ കെ.മാധവന്റെ പണം തട്ടിയ കേസിലാണ് ആന്റണി അറസ്റ്റിലായത്. കാസര്‍കോട് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ബംഗളൂരുവില്‍ െവച്ച് ആന്റണിയെ പിടിച്ചത്. ഹെര്‍ബല്‍ പ്രോഡക്ടിന്റെ പേരിലാണ് സംഘം തട്ടിപ്പ് നടത്തിയത്. ആന്റണി ഉള്‍പ്പെടെ 5 പേരാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്. ഈ സംഘം നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയതായാണ് വിവരം. എന്നാല്‍ പലരും പരാതി നല്‍കിയിട്ടില്ല. തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുമാണ് ആന്റണിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയെന്ന് പൊലീസ് പറഞ്ഞു.