For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

07:42 PM Jun 09, 2022 IST | UD Desk
Advertisement

കാസര്‍കോട്: ബിഗ് ബജറ്റ് സിനിമകളുടെ ബ്രഹ്‌മാണ്ഡ ലോകത്ത് കന്നിയങ്കത്തിനൊരുങ്ങി കാസര്‍കോട്ട് നിന്നൊരു സംവിധായകന്‍. വളര്‍ത്തുനായ നായകനാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ മുഴുനീള സിനിമയായ 777 ചാര്‍ളിയിലൂടെയാണ് കാസര്‍കോട് മൗവ്വാര്‍ മല്ലമൂലയിലെ കിരണ്‍രാജ് സ്വതന്ത്ര സംവിധായകനാവുന്നത്. പഠിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍കോട്ടാണെങ്കിലും കന്നഡ സിനിമാ ലോകത്താണ് കിരണ്‍രാജ് അസോസിയേറ്റ് ഡയറക്ടറായും നടനായും തിരക്കഥാകൃത്തുമായൊക്കെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയത്. 2016ല്‍ പുറത്തിറങ്ങിയ രക്ഷിത്‌ഷെട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിരിക്ക്പാര്‍ട്ടി’യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഇതേ ചിത്രത്തിന്റെ സംവിധായകനായ റിഷബ് ഷെട്ടി ഒരുക്കിയ ‘റിക്കി’യിലും സഹസംവിധായകനായി. 2019ല്‍ ‘കഥാസംഗമ’ എന്ന ഹ്രസ്വചിത്രം സ്വന്തം സംവിധാനത്തില്‍ ഒരുക്കി.
കിരിക്ക് പാര്‍ട്ടിയുടെ ഷൂട്ടിംഗിനിടെ തന്നെ മനസ്സില്‍ ഉയര്‍ന്നുവന്ന കഥാതന്തുവാണ് 777 ചാര്‍ളിയിലേക്ക് നയിച്ചതെന്ന് കിരണ്‍രാജ് പറയുന്നു. രക്ഷിത്‌ഷെട്ടിക്കും കഥ ഇഷ്ടപ്പെട്ടതോടെ സ്വതന്ത്ര സംവിധായകനാവാന്‍ വഴി തുറക്കുകയായിരുന്നു, വളര്‍ത്തു നായയുടെയും മനുഷ്യന്റെയും കഥ പറയുന്ന ചിത്രത്തിന് മികച്ച മുന്നൊരുക്കം വേണ്ടതിനാലാണ് ധൃതി കൂട്ടാതെ ചിത്രത്തിനായി ഓരോ ചുവടും വെച്ചത്. ചാര്‍ളിയായി വേഷമിട്ട ലാബ്രഡോര്‍ നായക്കുട്ടിയെ പരിശീലിപ്പിക്കാന്‍ തന്നെ രണ്ടരവര്‍ഷത്തോളമെടുത്തു. ഉടമയായ ധര്‍മ്മയെ നായക്കുട്ടി ആലിംഗനം ചെയ്യുന്ന സീനൊക്കെ അത്രമേല്‍ ഹൃദ്യമായെടുക്കാന്‍ സാധിച്ചത് നീണ്ട പരിശീലനം കൊണ്ടാണെന്ന് കിരണ്‍രാജ് പറയുന്നു.
സംവിധായകനാവുന്ന ആദ്യ ചിത്രം കന്നഡ കൂടാതെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിലും ഇറങ്ങുന്നുവെന്നത് അഭിമാനം പകരുന്ന നിമിഷമാണെന്ന് കിരണ്‍രാജ് പറയുന്നു. മെയ് 16ന് ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ കന്നഡ സിനിമക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമക്ക് തന്നെ മുതല്‍കൂട്ടാവുന്ന സംവിധായകനെയാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കാസര്‍കോട് സ്വദേശിയായത് കൊണ്ട് തന്നെ എന്നെങ്കിലും മലയാളത്തിലും ചിത്രം ചെയ്യണമെന്ന ആഗ്രഹവും കിരണ്‍രാജിനുണ്ട്.
അഗല്‍പാടി ശ്രീ അന്നപൂര്‍ണ്ണേശ്വരി ഹൈസ്‌കൂളിലും മംഗളൂരു സര്‍വ്വകലാശാലയിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. അച്യുത മണിയാണിയുടെയും ഗോദാവരിയുടെയും മകനാണ്.

Advertisement
Advertisement