For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കാറഡുക്കയില്‍ പതിനഞ്ചോളം കാട്ടുപോത്തുകളുടെ വിഹാരം  വന്‍ കൃഷി നാശം

കാറഡുക്കയില്‍ പതിനഞ്ചോളം കാട്ടുപോത്തുകളുടെ വിഹാരം; വന്‍ കൃഷി നാശം

06:39 PM May 05, 2023 IST | Utharadesam
Advertisement

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് പരിധിയില്‍ പതിനഞ്ചോളം കാട്ടുപോത്തുകള്‍ വിഹരിക്കുന്നു. കാറഡുക്ക പഞ്ചായത്തിലെ പൂവടുക്കം, ആലന്തടുക്ക, അടുക്കത്തൊട്ടി, ബാളക്കണ്ടം, കൊട്ടംകുഴി പ്രദേശങ്ങളിലാണ് കാട്ടുപോത്തുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി, ചെറ്റത്തോട്, കുട്ടിയാനം എന്നിവിടങ്ങളില്‍ പത്തോളം കാട്ടുപോത്തുകളുണ്ട്. മൂന്നുമാസം മുമ്പ് പാണൂര്‍ കൊച്ചിയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടുപോത്ത് കൂട്ടം തെറ്റി ഒരു കുളത്തില്‍ വീണ് ചത്തിരുന്നു. കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തി വന്‍തോതില്‍ കൃഷി നശിപ്പിക്കുകയാണ്. തോട്ടത്തിലൂടെ കവുങ്ങിന്‍തൈകള്‍ ചവിട്ടി മെതിച്ചുകൊണ്ടാണ് കാട്ടുപോത്തുകള്‍ കടന്നുപോകുന്നത്. തൈകള്‍ തിന്നുകയും ചെയ്യുന്നു. പൂവടുക്കയിലെ നടരാജനായ്ക്കിന്റെ ആയിരത്തോളം കവുങ്ങിന്‍തൈകള്‍ കാട്ടുപോത്തുകള്‍ നശിപ്പിച്ചു. പൈപ്പുകളും ജലസേചനത്തിനുള്ള സ്പ്രിങ്ങ്ളറുകളും തകര്‍ത്തു. ആലന്തടുക്കയില്‍ കെ. ലക്ഷ്മീശയുടെ ഫലവൃക്ഷതൈകള്‍ കഴിഞ്ഞ വര്‍ഷം കാട്ടുപോത്തുകള്‍ ചവിട്ടി നശിപ്പിച്ചിരുന്നു. പ്ലാവ്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയുടെയും വിവിധ പഴങ്ങളുടെയും തൈകളാണ് നശിപ്പിക്കപ്പെട്ടത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
ഇവിടെയുള്ള ജനവാസ പ്രദേശങ്ങള്‍ വനത്തോട് ചേര്‍ന്നുകിടക്കുന്നവയാണ്. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, റബര്‍ എന്നിവയാണ് ഇവിടങ്ങളില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. കാട്ടുപോത്തുകളെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്. ഒരാളെക്കാള്‍ പൊക്കമുള്ള മതിലുകള്‍ കാട്ടുപോത്തുകള്‍ നിഷ്പ്രയാസം ചാടിക്കടക്കുന്നു. കാട്ടുപോത്ത് ശല്യം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

Advertisement
Advertisement