For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കാരുണ്യം കൈകോര്‍ത്തു   അഭയം  യാഥാര്‍ത്ഥ്യമായി

കാരുണ്യം കൈകോര്‍ത്തു; 'അഭയം' യാഥാര്‍ത്ഥ്യമായി

06:12 PM Mar 17, 2023 IST | Utharadesam
Advertisement

കാസര്‍കോട്: കൊടിയ പ്രയാസം നേരിടുന്ന ആയിരക്കണക്കിന് വൃക്കരോഗികളുടെ ഹൃദയങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി ‘അഭയം’ പെയ്തിറങ്ങി. സുമനസ്സുകളുടെ കരങ്ങളാല്‍ ബാരിക്കാടില്‍ ഒരുങ്ങിയ അഭയം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്നലെ പ്രാര്‍ത്ഥനയോടെ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. നാല് കോടിയോളം രൂപ ചെലവഴിച്ച് അഭയത്തിന് മൂന്ന് നില കെട്ടിടം യാഥാര്‍ത്ഥ്യമായപ്പോള്‍, വേദനപേറുന്നവര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്റെ കരങ്ങളുമായി അനേകം പേര്‍ ഉണ്ട് എന്നതിന്റെ തെളിവ് കൂടിയായി അത്. ഇവിടെ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമാണ്.
സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖയ്യൂം മാന്യയുടെ നേതൃത്വത്തില്‍ അഭയം ട്രസ്റ്റിലെ അഞ്ച് ട്രസ്റ്റിമാര്‍ ചേര്‍ന്നാണ് ഒരു വര്‍ഷം കൊണ്ട് ഇത്രയും വലിയൊരു സ്ഥാപനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. മാലിക് ദീനാര്‍ ആസ്പത്രിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഭയം ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. വൃക്കരോഗികളുടെ എണ്ണം ദിനേനയെന്നോണം പെരുകിവന്നപ്പോള്‍ ഈ സൗകര്യം തികയാതെ വന്നു. ജീവിത ചെലവിന് തന്നെ പ്രയാസപ്പെടുന്ന നിരവധി വൃക്കരോഗികള്‍ യഥാസമയം കൃത്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയാതെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ അവര്‍ക്ക് മാത്രമായി ഒരു അഭയകേന്ദ്രം സ്ഥാപിക്കാനുള്ള ഓട്ടത്തിലായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍.
ഗള്‍ഫില്‍ നിന്നടക്കം പലരും സഹായഹസ്തവുമയി രംഗത്തുവന്നു. നിസാര വരുമാനം ഉള്ളവര്‍ മുതല്‍ സമ്പന്നര്‍ വരെ തങ്ങളോട് കൈകോര്‍ത്ത് പിടിച്ച് അഭയം ഡയാലിസിസ് കേന്ദ്രത്തിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ ഇന്നലെ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഖയ്യും മാന്യ എണ്ണിപ്പറഞ്ഞപ്പോള്‍ സദസ്സ് കോരിത്തരിപ്പോടെയാണ് കേട്ടുനിന്നത്. ഇന്നലെ രാവിലെ മുതല്‍ രാത്രി വൈകുംവരേയും അഭയത്തിലേക്ക് ജനപ്രവാഹമായിരുന്നു. വൈകിട്ട് നടന്ന ചടങ്ങ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മാഹിന്‍ ഹാജി കല്ലട്ര, കെ.എ മുഹമ്മദ് ഹനീഫ് പാണലം, വിജയകുമാര്‍ റൈ, അസീസ് കടപ്പുറം, എന്‍.എ അബൂബക്കര്‍, കരീം കോളിയാട്, ആമു ഹാജി കൊവ്വല്‍, യാസര്‍ വാഫി, അഡ്വ. ഹനീഫ് ഹുദവി, ഖലീല്‍ ഹുദവി, ഇബ്രാഹിം പള്ളങ്കോട്, ടി.എ ഷാഫി, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, കെ.എസ് അന്‍വര്‍ സാദത്ത്, ബഷീര്‍ നാല്‍ത്തടുക്ക, മുഹമ്മദ് പാക്യാര, മുനീര്‍ മാക്, കൂക്കള്‍ ബാലകൃഷ്ണന്‍, ഹനീഫ ഹാജി കല്ലടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. സി.കെ അബ്ദുല്‍ ഹസീബ് സ്വാഗതം പറഞ്ഞു. ഫിലിപ്പ് മമ്പാടിന്റെ ക്ലാസുമുണ്ടായിരുന്നു.

Advertisement
Advertisement