For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചെറുവത്തൂര്‍ സ്വദേശിനിയും രണ്ടാം ഭര്‍ത്താവും ജീവനൊടുക്കി

മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചെറുവത്തൂര്‍ സ്വദേശിനിയും രണ്ടാം ഭര്‍ത്താവും ജീവനൊടുക്കി

01:57 PM May 24, 2023 IST | Utharadesam
Advertisement

ചെറുപുഴ: മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചെറുവത്തൂര്‍ സ്വദേശിനിയും രണ്ടാം ഭര്‍ത്താവും തൂങ്ങിമരിച്ചു. ഇന്ന് രാവിലെ പെരിങ്ങോം പഞ്ചായത്തിലെ പാടിച്ചാല്‍ പൊന്നമ്പയല്‍ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലെ വീട്ടിലാണ് നാടിനെ നടുക്കിയ കൂട്ടമരണം നടന്നത്. ചെറുവത്തൂര്‍ സ്വദേശിനി ശ്രീജ (38), മക്കളായ സൂരജ് (12), സുബിന്‍ (8), സുരഭി (6), ശ്രീജയുടെ രണ്ടാംഭര്‍ത്താവ് മുളപ്പുര വീട്ടില്‍ ഷാജി(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഒരാഴ്ചമുമ്പാണ് ശ്രീജയുടേയും ഷാജിയുടേയും രണ്ടാം വിവാഹം നടന്നത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുകയായിരുന്ന ഷാജി ഈമാസം 16ന് ശ്രീജയെ വിവാഹം കഴിച്ച് ശ്രീജക്കും മക്കള്‍ക്കുമൊപ്പം ശ്രീജയുടെ ആദ്യഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ 5.30 ഓടെ ശ്രീജ ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. സൂരജിനെ ഹാളിലും മറ്റു രണ്ടുകുട്ടികളെ സ്റ്റെയര്‍കേസിലും കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഷാജിയും ശ്രീജയും കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് നിഗമനം.
ഷാജിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ്, ഭര്‍ത്താവുമായി അകന്നുകഴിയുകയയിരുന്ന ശ്രീജ ഷാജിയുമായി അടുപ്പത്തിലായത്. 16ന് മീങ്കുളം ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. ഷാജിയുടെ ഭാര്യയും രണ്ടു മക്കളും വയക്കരയിലെ ക്വാട്ടേഴ്സിലാണ് താമസം.
ഷാജി ഇതിനു മുമ്പും ആത്മഹത്യക്ക് ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് വിഷം കഴിച്ചത് കൂടാതെ മൂന്നു ദിവസം മുമ്പ് സമീപത്തെ കൃഷിയിടത്തില്‍ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് ഇയാളെ അന്ന് രക്ഷിച്ചത്. മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. തന്റെ വീട് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച പ്രശ്‌നങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
കണ്ണൂര്‍ എസ്.പി ഹേമലത, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്‍, ചെറുപുഴ എസ്.ഐ എം.പി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി.

Advertisement
Advertisement