ഏഴുവര്‍ഷക്കാലം പിറകെ നടന്നിട്ടും പ്രണയിക്കാത്തതില്‍ പ്രകോപിതനായ യുവാവ് യുവതിയെ ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു
ബംഗളൂരു: ഏഴുവര്‍ഷക്കാലം പിറകെ നടന്നിട്ടും പ്രണയിക്കാത്ത യുവതിയെ ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ സര്‍ജാപുര സ്വദേശി നാഗേഷിനെ(30)തിരെ ബംഗളൂരു കാമാക്ഷിപാളയ പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു. ഹെഗ്ഗനഹള്ളിയില്‍ സ്വന്തമായി ചെറുകിട വസ്ത്രനിര്‍മ്മാണശാല നടത്തുന്ന നാഗേഷ് എംകോം ബിരുദധാരിണിയും മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ കൗഡ്‌ലെ സ്വദേശിനിയുമായ 25കാരിയെയാണ് ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിച്ചത്. സുങ്കതക്കട്ടെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുത്തൂറ്റ് ഫൈനാന്‍സിലാണ് യുവതി ജോലി ചെയ്യുന്നത്. യുവതിയുടെ അമ്മായിയുടെ ഹെഗ്ഗന്‍ഹള്ളിയിലെ വീട്ടിലാണ് നാഗേഷും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. യുവതി അമ്മായിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നതിനാല്‍ പ്രതി നാഗേഷ് അടുക്കാന്‍ ശ്രമം നടത്തിയിരുന്നു. നാഗേഷ് നിരന്തരം യുവതിയുടെ പിറകെ നടക്കുകയും തന്നെ പ്രണയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി വഴങ്ങിയില്ല. ഏഴ് വര്‍ഷമായി നാഗേഷ് യുവതിയുടെ പിറകെ പ്രണയാഭ്യര്‍ഥനയുമായി നടക്കുകയായിരുന്നു. ശല്യം കൂടിയതോടെ യുവതി വീട്ടുകാരെ അറിയിച്ചു. ഇതോടെ യുവതിയുടെ സഹോദരനും മാതൃസഹോദരിയും അമ്മായിയുടെ വാടകവീട്ടിലെത്തി നാഗേഷിനെയും കുടുംബത്തെയും ഒഴിപ്പിച്ചു. കൂടാതെ യുവതിക്ക് വീട്ടുകാര്‍ മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ നാഗേഷ് ബുധനാഴ്ച യുവതി ജോലി ചെയ്തിരുന്ന ഓഫീസിലെത്തി വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ നാഗേഷ് യുവതി ജോലി ചെയ്യുന്ന ഓഫീസില്‍ കയ്യില്‍ കയ്യുറകള്‍ ധരിച്ച് എത്തി. നാഗേഷിനെ കണ്ടയുടന്‍ യുവതി ഓഫീസില്‍ നിന്ന് പുറത്തേക്കോടാന്‍ തുടങ്ങി. പിന്നാലെ ഓടിയ നാഗേഷ് യുവതിയുടെ മുതുകിലും കഴുത്തിലും നെഞ്ചിലും കൈകളിലും കാലുകളിലും ആസിഡ് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ ആസ്പത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. ഒളിവില്‍ കഴിയുന്ന നാഗേഷിനെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി.