പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ
കാസര്‍കോട്: ഐ.എന്‍.എ സമരഭടനും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനാനിയുമായിരുന്ന തൃക്കരിപ്പൂരിലെ പരേതനായ എന്‍.കുഞ്ഞിരാമന്റെ ആഗ്രഹസാഫല്യമായി വീട്ടുമുറ്റത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമയൊരുക്കി മക്കള്‍. നേതാജിയുടെ പട്ടാളവേഷത്തിലുള്ള 12 അടിയോളം വരുന്ന കോണ്‍ക്രീറ്റ് പ്രതിമ സ്ഥാപിച്ചാണ് മക്കള്‍ അച്ഛന്റെ ഓര്‍മ്മ പുതുക്കുന്നത്.
പ്രശസ്ത ശില്‍പിയും ലളിതകലാസാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗവുമായ എം.വി.രവീന്ദ്രനാണ് ശില്‍പം നിര്‍മ്മിച്ചത്. കോവിഡ് കാരണം പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചതിനാല്‍ എകദേശം ഒന്നര വര്‍ഷമെടുത്താണ് ശില്‍പം പൂര്‍ത്തിയാക്കാനായത്.
കരിങ്കല്‍ തറയൊരുക്കി സിമന്റും കമ്പിയുമുപയോഗിച്ച് ആള്‍ വലിപ്പത്തില്‍ തയ്യാറാക്കിയ പ്രതിമക്ക് ഏഴരലക്ഷത്തോളം രൂപ ചെലവായതായി കുഞ്ഞിരാമന്റെ മൂത്ത മകനും പരിയാരം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന ഡോ.കെ.സുധാകരന്‍ പറഞ്ഞു. ‘നേതാജി പരിവാര്‍ കൂട്ടായ്മ’ എന്ന പേരില്‍ ഐ.എന്‍.എ സമരഭടന്‍ കുഞ്ഞിരാമന്റെ മക്കളായ ഡോ.കെ.സുധാകരന്‍, കെ.രവീന്ദ്രന്‍, കെ.സുഭാഷിണി, കെ.വിനോദിനി, മരുമക്കളും മറ്റ് ബന്ധുക്കളുമായ എന്‍.വല്‍സരാജന്‍, എ.രാമചന്ദ്രന്‍, എ.കിഷോര്‍കുമാര്‍, ടി.ഗോപാലന്‍, പി.വി.സുരേഷ് കുമാര്‍, പി.വി.ദേവരാജന്‍ മാസ്റ്റര്‍, വി.എം.ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശില്‍പനിര്‍മ്മാണത്തിന് തുടക്കമിട്ടത്.
നാളെ രാവിലെ 10ന് സുഭാഷ്ചന്ദ്രബോസിന്റെ പിതൃസഹോദരപുത്രനും പ്രശസ്ത കാലാസാമൂഹിക പ്രവര്‍ത്തകനുമായ അര്‍ദ്ധേന്ദുബോസ് നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
പ്രശസ്ത കലാ ചരിത്രകാരന്‍ കെ.കെ. മാരാര്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.രാജഗോപാലന്‍ എം.എല്‍.എ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണന്‍, മുന്‍ എം.പി. പി.കരുണാകരന്‍, തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള ‘നേതാജി സുഭാഷ്ചന്ദ്രബോസ് കുട്ടികളിലൂടെ’ ചിത്രരചനാ മത്സരം നടത്തും. ഡോ.കെ.സുധാകരന്റെ വീട്ടുമുറ്റത്തൊരുക്കുന്ന ഓഡിറ്റോറിയത്തിലാണ് മത്സരം. മുന്‍ എം.പി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ.കെ.സുധാകരന്‍, സെക്രട്ടറി കെ.രവീന്ദ്രന്‍, ടി.വി.ബാലകൃഷ്ണന്‍, എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് എന്നിവര്‍ പങ്കെടുത്തു.