For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷം  വാക്‌പോര്  എം എല്‍ എ കുഴഞ്ഞുവീണു

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷം, വാക്‌പോര്, എം.എല്‍.എ കുഴഞ്ഞുവീണു

02:16 PM Mar 15, 2023 IST | Utharadesam
Advertisement

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭാ കോംപ്ലക്‌സില്‍ കയ്യാങ്കളി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടായി.
വാച്ച് ആന്റ് വാര്‍ഡുമായുള്ള ബലപ്രയോഗത്തിനിടയില്‍ യു.ഡി.എഫ് എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. നിയമസഭയിലെ ഡോക്ടര്‍മാര്‍ സനീഷ് കുമാര്‍ ജോസഫിനെ പരിശോധിച്ചു. അതേസമയം എം.എല്‍.എയെ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ച് തള്ളി.
തന്നെ വലിച്ചിഴച്ചെന്നും ഭരണപക്ഷ എം.എല്‍.എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ എം.എല്‍.എ ആരോപിച്ചു.
സമീപകാലത്തൊന്നുമുണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. സ്പീക്കര്‍ നിഷ്പക്ഷമായി പ്രവര്‍ത്തികണമെന്നാവശ്യപ്പെട്ട് ബാനറുകള്‍ ഉയര്‍ത്തി പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ മുറിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്പീക്കര്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍ തടസം സൃഷ്ടിച്ചായിരുന്നു പ്രതിഷേധം.
ഇവരെ മാറ്റാനുള്ള വാച്ച് ആന്റ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷഭരിതമായത്. സ്പീക്കര്‍ക്ക് കവചമൊരുക്കി ഭരണപക്ഷ എം.എല്‍.എമാരും എത്തിയതോടെ പരസ്പരം ആക്രോശമായി.
സഭയില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
സ്പീക്കര്‍ അപമാനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

Advertisement
Advertisement