ചെര്‍ക്കളയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയുമായി സി.എം ഹീലിങ് ഹാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്
കാസര്‍കോട്: ചെര്‍ക്കളയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി വരുന്നു. സി.എം ഹീലിങ് ഹാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ചെര്‍ക്കള കെ.കെ പുറം സ്റ്റേറ്റ് ഹൈവേയ്ക്ക് അരികിലായി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍ ജാസ്സിര്‍ അലി പത്രസമ്മേളനത്തില്‍ അറിയിച്ചു.
സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള ചെയര്‍മാനും ഡോ. മൊയ്തീന്‍ ജാസ്സിര്‍ അലി മാനേജിങ് ഡയറക്ടറുമായാണ് സി.എം ഹീലിങ് ഹാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങിയത്. ജില്ലയുടെ എല്ലാഭാഗത്തുനിന്നും ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലമാണ് ചെര്‍ക്കള. അത്‌കൊണ്ടാണ് ആ സ്ഥലം തെരഞ്ഞെടുത്തത്. ആസ്പത്രി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 10 ശതമാനം പണി കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും. 75 മുതല്‍ നൂറോളം ബെഡോടുകൂടിയ 6 നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ തന്നെ ആദ്യമായി ഫുള്‍ടൈം ന്യൂറോളജിസ്റ്റ്, നെഫ്‌റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് സേവനവും ഉണ്ടായിരിക്കുന്നതാണ്.
എല്ലാവിധ എമര്‍ജന്‍സി കേസുകളും, ആക്‌സിഡന്റ് കേസുകളും ഉള്‍പ്പെടെയുള്ളവ മാനേജ് ചെയ്യാന്‍ പ്രാപ്തിയുള്ള വന്‍കിട ആസ്പത്രിയില്‍ 24 മണിക്കൂര്‍ ഇന്റന്‍സി വിസിറ്റ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
അത്യാധുനിക രീതിയിലുള്ള പീഡിയാട്രിക് ഐ.സി.യു, അതിനൂതനമായ പ്രൈവറ്റ് ബര്‍ത്ത് സ്യൂട്ട് ഡെലിവറി (രോഗിയുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രസവ സമയത്ത് ആശ്വസിപ്പിക്കുന്നതിനായി അടുത്ത് നില്‍ക്കാനുള്ള അവസരം), കുട്ടികളില്ലാത്തവര്‍ക്ക് ഉത്തര മലബാറിലെ ഏറ്റവും മികച്ച വന്ധ്്യത ചികിത്സയും ലഭ്യമായിരിക്കും. കൂടാതെ പീഡിയാട്രിക് നിയോനാറ്റല്‍ ഐ.സി.യു, 15 ബെഡോടും വെന്റിലേറ്ററോടും കൂടിയ മെഡിക്കല്‍ ഐ.സി.യു, എല്ലാ സൗകര്യങ്ങളോടും കൂടിയ ക്വാഷ്വാലിറ്റി തുടങ്ങിയവയും ഉണ്ടായിരിക്കും.
മൂന്ന് ഓപ്പറേഷന്‍ തീയറ്റര്‍, സ്‌പെഷ്യലിസ്റ്റുകളായ പീഡിയാട്രീഷ്യന്‍, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജിസ്റ്റ്, ഓര്‍ത്തോപിഡിഷ്യന്‍, ജനറല്‍ സര്‍ജന്‍, ഇ.എന്‍.ടി, ഒഫ്റ്റാള്‍മോളജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് തുടങ്ങിയവരും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളായ യൂറോളജിസ്റ്റ്, ക്യാന്‍സര്‍ വിദഗ്ധന്‍മാര്‍, ഡയബറ്റോളജിസ്റ്റ്, റൂമെറ്റോളജിസ്റ്റ്, ഗ്യാസ്‌ട്രോന്‍ഡോളജിസ്റ്റ് എന്നിവരുടേയും സേവനം ലഭ്യമായിരിക്കും.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗൈനക് ഡിപ്പാര്‍ട്ട്‌മെന്റും, ഓര്‍ത്തോ & ആക്‌സിഡന്റ് ട്രോമാ ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്‌നേക് ബൈറ്റ് യൂണിറ്റ് തുടങ്ങിയവയും ലഭ്യമായിരിക്കും.
ആധുനിക രീതിയിലുള്ള ലബോറട്ടയും, സി.ടി മിഷന്‍ യു.എസ്.ജി എന്നിവയും ഉണ്ടായിരിക്കും.
കൂടാതെ ഏറ്റവും മികച്ച കാഡിയോളജിസ്റ്റും കാത്ത്‌ലാബും ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ തന്നെ ഡയാലിസിസ് യൂണിറ്റും ഉണ്ടാകും. പക്ഷാഘാതം ബാധിച്ച രോഗികള്‍ക്കുള്ള അതിനൂതനമായ ചികിത്സയും, അതിനോടനുബന്ധിച്ചുള്ള ഫിസിയോതെറാപ്പി സൗകര്യങ്ങളും ഉണ്ടാകും.
എല്ലാ കമ്പനികളുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കുന്നതായിരിക്കും. ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും.
സാമ്പത്തികം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്നുള്ള വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള മിതമായ നിരക്കിലുള്ള ചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹോസ്പിറ്റലിലേക്ക് വരാന്‍ നിര്‍വ്വാഹമില്ലാത്ത കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി ചികിത്സ നല്‍കുമെന്നും രോഗം മൂര്‍ഛിച്ച ഐ.സി.യു രോഗികള്‍ക്ക് അവര്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ടപ്പെട്ടവരെ അടുത്ത് നിറുത്തുന്നതിനുള്ള ക്യുബിക് ഐ.സി.യു സംവിധാനവും പരിഗണനയിലുണ്ടെന്ന് ഡോ. മൊയ്തീന്‍ ജാസിര്‍ അലി പറഞ്ഞു. കോ ഓര്‍ഡിനേറ്റര്‍ സുദില്‍ മുന്താനിയും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.