ഇ. ചന്ദ്രശേഖരന്‍ സി.പി.ഐയുടെ അമരത്ത്; അസി. സെക്രട്ടറിയായി പുതിയ ഉത്തരവാദിത്വം
കാസര്‍കോട്: സി.പി.ഐ അസി. സെക്രട്ടറിയായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ തിരഞ്ഞെടുക്കപ്പെട്ടു. പി.പി സുനീറാണ് മറ്റൊരു അസി. സെക്രട്ടറി.
ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് കാഞ്ഞങ്ങാട് എം.എല്‍.എയും സി.പി.ഐ നിയമസഭാ കക്ഷി നേതാവുമായ ഇ. ചന്ദ്രശേഖരനെ പാര്‍ട്ടിയുടെ തലപ്പത്ത് അവരോധിക്കുന്നത്. തന്റെ പ്രവര്‍ത്തന മേഖല തിരുവനന്തപുരത്തല്ലാത്തതിനാല്‍ ഈ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടുവെങ്കിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തരില്‍ ഒരാളായ ഇദ്ദേഹത്തെ പ്രസ്തുത സ്ഥാനത്ത് അവരോധിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. നേരത്തെ സി.പി.ഐ സംസ്ഥാന ട്രഷററായി ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയാകുന്നത് വരെ ആ പദവിയിലുണ്ടായിരുന്നു. സി.പി.ഐയില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായാണ് ചന്ദ്രശേഖരന്‍ വിലയിരുത്തപ്പെടുന്നത്
പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളോടും നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്നും പുതിയ ദൗത്യവും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്നും ഇ. ചന്ദ്രശേഖരന്‍ ഉത്തരദേശത്തോട് പറഞ്ഞു. പാര്‍ട്ടി തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.