'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പരസ്യവാചകത്തെ ചൊല്ലി സൈബര്‍ പോര്
കോഴിക്കോട്: കുഞ്ചാക്കോ ബോബന്‍ നായകനും കാസര്‍കോട്ടെ നിരവധി പേര്‍ അഭിനേതാക്കളുമായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഇന്ന് പത്രങ്ങളില്‍ വന്ന പരസ്യത്തിലെ വാചകത്തിനെതിരെ സൈബറിടങ്ങളില്‍ ആക്രമണം. രാഷ്ട്രീയപോരും.
റോഡികളെ കുഴികളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പരസ്യവാചകമാണ് സൈബര്‍ പോരിന് വഴിവെച്ചത്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തെ ചൊല്ലിയാണ് സി.പി.എം അനുകൂലികളും മറ്റു രാഷ്ട്രീയ കക്ഷികളും തമ്മില്‍ സൈബര്‍ പോര് തുടങ്ങിയത്. സംസ്ഥാനത്ത് ദേശീയപാതയിലേയും പി.ഡബ്ല്യു.ഡി റോഡുകളിലേയും കുഴികളെ ചൊല്ലി രാഷ്ട്രീയ പോര് നടക്കുന്നതിനിടയിലാണ് ഇന്നിറങ്ങിയ പത്രങ്ങളില്‍ ഇത്തരമൊരു പരസ്യവാചകം വന്നത്. സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് പോലും ചിലര്‍ ആഹ്വാനം ചെയ്യുകയുണ്ടായി.
ദേവദൂതര്‍ പാടി എന്ന പാട്ടിലൂടെതന്നെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. പാട്ടിനൊത്തുള്ള കുഞ്ചാക്കോബോബന്റെ പ്രത്യേക രീതിയിലുള്ള നൃത്തം വൈറലായിരുന്നു.