കോട്ടയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിച്ചു; പോത്ത് കൊന്നത് രണ്ടുപേരെ
കോട്ടയം: കോട്ടയം ജില്ലയിലെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടു. കോട്ടയം കണമലയില്‍ രണ്ടു പേരെയാണ് കാട്ടുപോത്ത് കൊന്നത്. ഇതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ അടിയന്തിരനിര്‍ദേശം നല്‍കിയത്. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് കാട്ടുപോത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് കാട്ടുപോത്ത് രണ്ടുപേരുടെ ജീവനെടുത്തത്. വഴിയരികിലെ വീട്ടിനുമുന്നില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് അക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ, തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് അക്രമിച്ചു. ഗുരുതര പരിക്കേറ്റ തോമസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.