കാസര്‍കോട് നഗരസഭ ഹരിത കര്‍മ്മ സേനയ്ക്ക് ഇനി ഇ-ഓട്ടോയും ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും; കൈമാറ്റം 20ന്
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇനി ഇ-ഓട്ടോയും ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും. ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സ് നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ഇ-ഓട്ടോകള്‍ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചുമാണ് നല്‍കുന്നത്. ഇ-ഓട്ടോയുടെ വരവോടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യ നീക്കം വേഗത്തിലാകുന്നതോടൊപ്പം ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സ് വഴി മാലിന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനും സാധിക്കും.
ഇ-ഓട്ടോയും ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും അജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള അനുബന്ധന സാമഗ്രികളും മാര്‍ച്ച് 20ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറും. ചടങ്ങില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിക്കും.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിക്കും. ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദേവരാജന്‍ പി.വി ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കും. വികസന സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍മാരായ സവിത, ലളിത എം., രഞ്ജിത ഡി, നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, ഐ.സി.ഐ.സി.ഐ. ബാങ്ക് ലിമിറ്റഡ് സോണല്‍ മാനേജര്‍ ബൈജു കാനംകണ്ടി, റീജിയണല്‍ ഹെഡ് അജയ് സി.പി, ബ്രാഞ്ച് മാനേജര്‍ ഹരീന്ദ്രന്‍ മേലത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രഞ്ജിത് കുമാര്‍ എ.പി. നന്ദിയും പറയും.
3 ഇ-ഓട്ടോകളും 20 ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നത്.