For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ബി ജെ പി വിട്ട എം എല്‍ എയുടെ സ്ഥാപനത്തിന് ഇ ഡി നോട്ടീസ്

ബി.ജെ.പി വിട്ട എം.എല്‍.എയുടെ സ്ഥാപനത്തിന് ഇ.ഡി നോട്ടീസ്

12:51 PM Jul 30, 2022 IST | UD Desk
Advertisement

കൊല്‍ക്കത്ത: ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എം.എല്‍.എ കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യനിര്‍മാണ സ്ഥാപനത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. 2002 ല്‍ സ്ഥാപിതമായ ‘കല്യാണി സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് നോട്ടീസ് നല്‍കിയത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുമായി സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണം കൃഷ്ണ കല്ല്യാണിക്കെതിരെ ഉയര്‍ന്നിരുന്നു.
കല്യാണി സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. 2021 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ റായ്ഗഞ്ചില്‍നിന്ന് മത്സരിച്ച് ജയിച്ച കൃഷ്ണ കല്യാണി, നിയമസഭയില്‍ നിന്ന് രാജിവയ്ക്കാതെ ഒക്ടോബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പിന്നാലെ, തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.
അടുത്തിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത സഹായിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ സഹായിയും നടിയുമായ അര്‍പ്പിത ചാറ്റര്‍ജിയെയും അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പ്പിത ചാറ്റര്‍ജിയുടെ വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപയും കണ്ടെടുത്തിരുന്നു. പിന്നാലെ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനങ്ങളില്‍നിന്നും നീക്കി.

 

Advertisement

Advertisement