For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഈ യാത്ര നരകതുല്യം

ഈ യാത്ര നരകതുല്യം

01:27 PM Jul 13, 2022 IST | UD Desk
Advertisement

ജില്ലയിലെ ദേശീയപാത വഴിയുള്ള യാത്ര ജീവന്‍ വെച്ചുള്ള കളിയായി മാറിയിരിക്കയാണ്. കുഴിയില്‍ വീണ് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമാവുന്നത്. ഒട്ടേറെ പേര്‍ കയ്യും കാലും നടുവുമൊടിഞ്ഞ് ആസ്പത്രയിലാവുകയും ചെയ്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം മൊഗ്രാല്‍ പുത്തൂര്‍ കുന്നിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടിരുന്നു. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത വികസനം നടന്നുകൊണ്ടിരിക്കയാണ്. അതുകൊണ്ട് തന്നെ ഇത്തവണ അറ്റകുറ്റപ്പണി നടത്തുകയോ കുഴികള്‍ അടക്കുകയോ ചെയ്തിട്ടില്ല. മഴക്കാലമായതിനാല്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാനാവുന്നില്ല. കുഴി കണ്ടാല്‍ തന്നെ ഇത് വെട്ടിച്ച് മുമ്പോട്ട് പോവുമ്പോള്‍ എതിരെ വരുന്ന വാഹനത്തില്‍ ഇടിച്ചും അപകടം സംഭവിക്കുന്നത് പതിവാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചില സ്ഥലങ്ങളില്‍ കുഴിയെടുത്തതും കിളച്ചിട്ടതും അപകടമുണ്ടാക്കുന്നുണ്ട്. ഇവിടെയും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അപകടക്കെണിയാവുന്നു. ഇത്തരം പ്രദേശങ്ങള്‍ കയര്‍ കെട്ടി തിരിച്ചാല്‍ യാത്രക്കാര്‍ക്ക് കുഴിതിരിച്ചറിയാനാവും. റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും മണ്ണ് മാന്തിയെടുക്കുന്ന കുഴികള്‍ നികത്താത്തതിനാല്‍ റോഡില്‍ നിന്ന് അല്‍പം തെറ്റിയാല്‍ താഴേക്കായിരിക്കും പതിക്കുന്നത്. ആറ് വരി പാത നിര്‍മ്മാണത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ഭാഗങ്ങളില്‍ പലയിടത്തും ദേശീയപാത കിളച്ചിടുകയോ സമാന്തര റോഡ് നിര്‍മ്മിക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ചാണ് പലേടത്തും കുഴി പ്രത്യക്ഷപ്പെടുകയോ റോഡ് ഒലിച്ച് പോവുകയോ ചെയ്തിട്ടുള്ളത്. ചൗക്കിയില്‍ ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ഇവിടെ ഗതാഗത തടസവും പതിവാണ്. പല സ്ഥലത്തും വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാലാണ് വെള്ളം കെട്ടിക്കിടന്ന് റോഡ് തന്നെ വെള്ളത്തിനടിയിലാവുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്നെ വെള്ളം പോകാനുള്ള സൗകര്യമൗരുക്കിയിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാവുമായിരുന്നില്ല. പെരിയ, ചാലിങ്കാല്‍ തുടങ്ങിയ ഭാഗങ്ങളിലൊക്കെ ചെറിയ മഴ പെയ്താല്‍ തന്നെ വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ദേശീയപാതയ്ക്കിരുവശവും കൂറ്റന്‍ ഭിത്തികള്‍ പണിതതും വെള്ളം ഒഴുകിപോകാനുള്ള വഴി അടക്കുകയായിരുന്നു. ഒരാഴ്ച്ചയായി കനത്ത മഴ തുടരുന്നതിനാല്‍ നാഷണല്‍ ഹൈവേയില്‍ മാത്രമല്ല, പോക്കറ്റ് റോഡുകളിലും കുഴി പ്രത്യക്ഷപ്പെട്ടിരിക്കയാണ്. ഇവിടെയും അപകടങ്ങള്‍ പതിവായിരിക്കുന്നുണ്ട്. റോഡ് ടാര്‍ ചെയ്ത് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ തകര്‍ന്നു തരിപ്പണമാവുന്ന സ്ഥിതിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. കഴിഞ്ഞ ദിവസം റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി കോടതിയില്‍ ഒരു ഹര്‍ജി വന്നപ്പോള്‍ റോഡുകള്‍ പശ കൊണ്ട് ഒട്ടിച്ചുവെച്ചതാണോ എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. ചില സ്ഥലങ്ങളില്‍ അറ്റകുറ്റ പണി നടത്താത്തത് തന്നെ വര്‍ഷങ്ങളായി. റോഡ് നിര്‍മ്മാണത്തിലുണ്ടാവുന്ന അഴിമതി പോലെത്തന്നെയാണ് അറ്റകുറ്റപ്പണിയിലും കൃത്രിമം നടക്കുന്നത്. കുഴിയടച്ച് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ പഴയപടിയാവും. ഒരു റോഡ് നിര്‍മ്മിച്ചാലും അറ്റകുറ്റപ്പണി നടത്തിയാലും അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെ ആയിരിക്കണം. നിശ്ചിത കാലാവധിക്ക് മുമ്പ് റോഡ് തകര്‍ന്നാല്‍ അത് അവരുടെ തന്നെ ചെലവില്‍ പുതുക്കി നിര്‍മ്മിക്കണമെന്ന നിയമം ഉണ്ടാവണം. യാത്രക്കാരുടെ ജീവന്‍ വെച്ചുള്ള കളിക്ക് അവസാനമുണ്ടാവണം.

Advertisement
Advertisement