For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇരകളുടെ നോവറിയുന്ന ജില്ലാ കലക്ടര്‍

ഇരകളുടെ നോവറിയുന്ന ജില്ലാ കലക്ടര്‍

02:29 PM Jul 14, 2022 IST | UD Desk
Advertisement

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ നോവറിയുകയും ചെയ്യുന്ന ഒരു ജില്ലാ കലക്ടറെ കിട്ടിയതില്‍ ജില്ലക്ക് അഭിമാനിക്കാം. തലവളര്‍ന്ന് ഉന്തിയ കണ്ണും വായില്‍ നിന്ന് പുറന്തള്ളിയ നാക്കുമായി സമൂഹത്തിന്റെയാകെ നോവായ കുട്ടികളെയും കൊണ്ട് കോടതി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കായി അമ്മമാര്‍ ഓഫീസുകള്‍ കയറിയിറങ്ങിതുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ജില്ലയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥര്‍ തന്നെ ഇവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ പുറംതിരിഞ്ഞു നിന്നപ്പോള്‍ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ പെട്ടെന്ന് നല്‍കാനും കാണിച്ച നിശബ്ദ വിപ്ലവത്തെ എത്ര കണ്ട് അഭിനന്ദിച്ചാലും അധികമാവില്ല. കലക്ടര്‍ ജില്ലയുടെ ചുമതല ഏറ്റെടുത്തിട്ട് അധികനാളൊന്നും ആയിട്ടില്ല. അതിനിടയില്‍ തന്നെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അനുവദിക്കുന്ന ദുരിതത്തിന്റെ ചിത്രം അവര്‍ക്ക് ഒപ്പിയെടുക്കാന്‍ സാധിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ടല്ല മറ്റ് കാരണങ്ങള്‍ കൊണ്ടാകാം പിറക്കുന്ന കുട്ടികളൊക്കെ കൈയ്യും കാലുമില്ലാത്തവരായി ജനിക്കുന്നതെന്ന വാദത്തിലായിരുന്നു ചില ഉദ്യോഗസ്ഥര്‍. അതിനെയൊക്കെ ഖണ്ഡിക്കുന്ന രീതിയിലുള്ള നീക്കമാണ് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തിയിരിക്കുന്നത്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കുമെന്ന പരമോന്നത കോടതി വിധി നടപ്പാക്കാന്‍ പിന്നോക്ക ജില്ലയില്‍ തുല്യതയില്ലാത്ത സേവനമാണ് കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നിര്‍വ്വഹിച്ചത്. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്ന പ്രക്രിയ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ജോലിയില്‍ ഒതുക്കാതെ റവന്യു വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി ചെയ്തുതീര്‍ത്തപ്പോള്‍ നഷ്ട പരിഹാര വിതരണം നിശ്ചയിച്ചതിലും നേരത്തേ പൂര്‍ത്തിയാക്കാനായി. ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിവസങ്ങളിലടക്കം കലക്ടറേറ്റിലേയും വില്ലേജ് ഓഫീസുകളിലെയും മുഴുവന്‍ ജീവനക്കാരും ധനസഹായവിതരണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. 2022 മാര്‍ച്ച് 15നാണ് 200 കോടി രൂപയുടെ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചത്. നാല് ആഴ്ച കൊണ്ട് വിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. മരിച്ച കോവിഡ് രോഗികളുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനായി ആരംഭിച്ച വെബ് പോര്‍ട്ടലിന്റെ മാതൃകയില്‍ മാറ്റം വരുത്തി നഷ്ട പരിഹാര വിതരണം സുഗമമാക്കി. നേരിട്ടോ, അക്ഷയ സെന്ററിലോ, വില്ലേജ് ഓഫീസ് മുഖാന്തരമോ ഈ പോര്‍ട്ടലില്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഇതിനോടകം തുക ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു. മെയ് മുതല്‍ ജൂലായ് 11 വരെ 5056 പേര്‍ക്കായി നൂറ്റി തൊണ്ണൂറ്റി ഒമ്പതര കോടി രൂപയാണ് വിതരണം ചെയ്തത്. ഒക്‌ടോബര്‍ മാസത്തിനകം ധനസഹായ വിതരണം പൂര്‍ത്തിയാക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും രണ്ട് മാസം മുമ്പേ വിതരണം പൂര്‍ത്തിയാക്കി. സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന ദൃതഗതിയിലാണ് പൂര്‍ത്തിയാക്കിയത്. നാല് താലൂക്കുകളിലെയും തഹസില്‍ദാര്‍മാരും റവന്യു ജീവനക്കാരും കൂട്ടായ യഞ്ജത്തിന് ഒപ്പം നിന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ഇനിയും അപേക്ഷ നല്‍കാത്ത ദുരിത ബാധിതര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഇനിയും അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അവകാശികള്‍ മതിയായ രേഖകള്‍ സഹിതം അപേക്ഷിക്കണം. എന്തായാലും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണ്ണീരൊപ്പാന്‍ ഈ തുക കൊണ്ട് സാധിക്കില്ലെങ്കിലും അവരുടെ ചികിത്സയ്ക്കും മറ്റുകാര്യങ്ങള്‍ക്കും ഈ തുക വിനിയോഗിക്കാനാവും. എന്‍ഡോസല്‍ഫാന്‍ ഇരകളെ എടുത്തുകൊണ്ടു പോയി സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യാനുള്ള ഒരു സാഹചര്യം ഇനിയും ഉണ്ടാവരുത്.

Advertisement
Advertisement