For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മങ്കി പോക്‌സ്  ജാഗ്രത വേണം

മങ്കി പോക്‌സ്; ജാഗ്രത വേണം

02:42 PM Jul 18, 2022 IST | UD Desk
Advertisement

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കയാണ്. യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസോലേഷനിലുള്ള കൊല്ലം സ്വദേശിയായ ഇയാളുടെ സ്ഥിതിമെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി എന്നറിയപ്പെടുന്ന മങ്കിപോക്‌സ് കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് രോഗത്തെപ്പറ്റിയും കൈകൊള്ളേണ്ട പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കയാണ്. കുരങ്ങില്‍ നിന്ന് പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും അടുത്ത സമ്പര്‍ക്കം വഴിയും സ്രവങ്ങളിലൂടെയും പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിനാണ് നിലവില്‍ മങ്കി പോക്‌സിനും നല്‍കുന്നത്. ഇത് 85 ശതമാനവും ഫലപ്രദമാണ്.
1960ല്‍ കോംഗോയിലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍ പോക്‌സിന് സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഫ്രിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന മങ്കി പോക്‌സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77 ശതമാനമാണത്രേ വര്‍ധിച്ചത്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വന്നപ്പോഴും ആദ്യ രോഗി കേരളത്തില്‍ നിന്നായിരുന്നു എന്ന സമാനതയും ഉണ്ട്. എന്നാല്‍ അതിജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തത് കൊണ്ട് കോവിഡിന്റെ ആരംഭത്തിലേ എട്ട് മാസം കൊണ്ട് വളരെ വിജയകരായി പ്രതിരോധിച്ച് നില്‍ക്കാന്‍ നമുക്കായി. എന്നാല്‍ ക്രമേണ സ്വീകരിച്ച ലാഘവ സമീപനം പിന്നീട് കേരളത്തെ കോവിഡിന്റെ കേളീരംഗമാക്കി. സ്പര്‍ശനത്തിലൂടെയും പിന്നീട് വായുവിലൂടെയും വ്യാപിച്ച കോവിഡ്‌പോലെ മാരക വ്യാപന ശേഷിയുള്ള ഒന്നല്ല മങ്കി പോക്‌സ് എന്നത് നമുക്ക് അനുകൂലമായ ഒരു ഘടകമാണ്. അതായത് ഒരല്‍പം ജാഗ്രതയോടെ കൈകാര്യം ചെയ്യാമെങ്കില്‍ നമുക്ക് മങ്കി പോക്‌സിനെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്താം. നേരിട്ടുള്ള ശാരീരിക സ്പര്‍ശം വഴിയും പ്രത്യേകിച്ച് രോഗ വാഹകന്റെ സ്രവങ്ങള്‍ വഴിയും മാത്രമേ രോഗം പകരൂ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വ്വമായാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.
രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ 21 ദിവസം എടുക്കും. കോവിഡിനെപോലെയുള്ള സാമൂഹിക അകലം ഇതിലും പാലിക്കാനാവണം.

Advertisement
Advertisement