For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കുന്നു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കുന്നു

04:09 PM Jul 22, 2022 IST | UD Desk
Advertisement

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഇപ്പോഴും പല വിദ്യാലയങ്ങളിലും അധ്യാപക നിയമനം പൂര്‍ത്തിയാക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡിന്റെ പിടിയില്‍പെട്ടതിനാല്‍ നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല. വിരമിച്ചുപോയവരാണെങ്കില്‍ ഒട്ടേറെയുണ്ട്താനും. ഈ ഒഴിവുകളൊന്നും നികത്താതെയാണ് ഈ വര്‍ഷം സ്‌കൂള്‍ തുറന്നത്. താല്‍ക്കാലിക അധ്യാപകരെയാണ് ഇപ്പോള്‍ നിയമിച്ചുക്കൊണ്ടിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റുള്ളത് ചുരുക്കം വിഷയങ്ങളില്‍ മാത്രമാണ്. ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് ഒഴിച്ച് മറ്റൊന്നിലും റാങ്ക് പട്ടിക നിലവിലില്ല. വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് നിയമം. പി.എസ്.സി റാങ്ക് ലിസ്റ്റുണ്ടെങ്കില്‍ അതില്‍ നിന്ന് തന്നെ നിയമിക്കണം. അതില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന്. ഇവിടെ ഇതെല്ലാം ലംഘിച്ചുക്കൊണ്ടുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മേധാവികള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പാണ് വിദ്യാലയങ്ങളിലെ ഒഴിവുകള്‍ അറിയിച്ചു കൊണ്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒറ്റ ഒഴിവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതര്‍ പറയുന്നത്. നിലവില്‍ ഭൂരിഭാഗം വിദ്യാലയങ്ങളും അഭിമുഖം നടത്തി താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് പഠനം നടത്തുന്നത്. താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പ്രതിദിനം 900-1000 രൂപയാണ് വേതനമെങ്കില്‍ എംപ്ലോയ്‌മെന്റ് വഴിയുള്ള നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കെയിലനുസരിച്ച് വേതനം നല്‍കേണ്ടി വരും. അതനുസരിച്ച് 1700 രൂപയോളം ഓരോ അധ്യാപകനും നല്‍കണം. സര്‍ക്കാരിന് അല്‍പം അധിക ചെലവ് വരുമെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചടുത്തോളം വലിയ ഗുണം ചെയ്യുന്നതായിരിക്കും. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ മെയ് അവസാന വാരത്തെ കണക്ക് പ്രകാരം എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 594 അധ്യാപക ഒഴിവുകളാണുള്ളത്. എല്‍.പി, യു.പി വിഭാഗങ്ങളിലായി 455 ഒഴിവുകളും ഹൈസ്‌കൂളുകളില്‍ 139 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്‍.പി മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 223 എണ്ണം. യു.പി മലയാളത്തില്‍ 187ഉം ഹൈസ്‌കൂള്‍ മലയാളത്തില്‍ 28ഉം ഒഴിവുകളുണ്ട്. ഗണിതം (മലയാളം) 28ഉം ഫിസിക്കല്‍ സയന്‍സില്‍ 21 ഒഴിവുകളുണ്ട്. ഇവ ഡി.ഡി.ഇ ഓഫീസ് പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്. ക്ലാസുകള്‍ തുറന്ന് രണ്ട് മാസം പിന്നിടുമ്പോഴും അധ്യാപകര്‍ സ്ഥലം മാറി പോയതും വിരമിച്ചതുമായ ഒഴിവുകള്‍ വേറെയുമുണ്ടാവും. ഇതു കൂടി കണക്കിലെടുക്കുമ്പോള്‍ ഒഴിവുകള്‍ 600ന് മുകളിലെത്തും. അധ്യാപക ഒഴിവ് കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്താത്തതുകൊണ്ടാണ് അധ്യയനം തുടങ്ങാന്‍ വൈകിയത്. എന്നാല്‍ ഇത്തവണ എല്ലാ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങള്‍ നേരത്തേ എത്തിയിരുന്നു. അധ്യാപക ക്ഷാമമാണ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഒഴിവുകള്‍ അറിയിച്ച് നിയമന നടപടികള്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കാതെ എത്രയും പെട്ടെന്ന് അധ്യാപക നിയമനം പൂര്‍ത്തിയാക്കാന്‍ നടപടി ഉണ്ടാവണം. അതത് സ്‌കൂളുകളിലെ പ്രഥമാധ്യാപകരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അതിന് കാലതാമസമുണ്ടാകരുത്.

Advertisement
Advertisement