For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വളങ്ങള്‍ക്കും വില കുതിക്കുന്നു

വളങ്ങള്‍ക്കും വില കുതിക്കുന്നു

02:32 PM Jul 29, 2022 IST | UD Desk
Advertisement

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നതിനിടയില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി വളങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞുക്കൊണ്ടിരിക്കുന്നതിനിടയിലാണ് വളങ്ങളുടെ വിലക്കയറ്റം. മഹാമാരിയെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിച്ച് കരകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തി വളത്തിനും വിലകയറുന്നത്. രാസവളങ്ങള്‍ക്ക് മാത്രമല്ല, ജൈവ വളങ്ങള്‍ക്കും വില കുത്തനെ ഉയരുകയാണ്. ക്വിന്റിലിന് 2000 രൂപയുണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോഴത്തെ വില 3400 രൂപയാണ്. ഫാക്ടംഫോസ് 2780ല്‍ നിന്ന് 2980 ആയി. 18-18 വളത്തിന് 2400ല്‍ നിന്ന് 2520 ആയും 8.8.16ന് 2100ല്‍ നിന്ന് 2300 ആയും വില ഉയര്‍ന്നു. ജൈവവളമായ ഓര്‍ഗാനിക്കിന് 2100 രൂപയായും എല്ലുപൊടി 3100 രൂപയായും 100 രൂപ വീതം ഉയര്‍ന്നു. മഴയെത്തിയതോടെ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍, കുരുമുളക് തുടങ്ങിയ കൃഷിക്ക് വളം നല്‍കേണ്ട സമയമാണിത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നത്. ഇത്തവണ ഇടവപ്പാതി ശക്തമാകാതിരുന്നതിനാല്‍ വാഴ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അതിനിടയിലാണ് വാഴക്കൃഷിക്ക് അത്യാവശ്യഘടകമായ പൊട്ടാഷിന് വില കുതിച്ചത്. മഴക്കാലം എത്തുന്നതിന് മുന്നോടിയായാണ് വളപ്രയോഗം നടത്തി വരുന്നത്. തെങ്ങിന് വളം നല്‍കുമ്പോള്‍ ആദ്യം ഒരു കിലോ കുമ്മായമോ ഡോളോമൈറ്റോ നല്‍കണം. 15 ദിവസത്തിന് ശേഷം 500ഗ്രാം യൂറിയ, ഒരു കിലോ ഗ്രാം രാജ്‌ഫോഴ്‌സ്, 750 ഗ്രാം പൊട്ടാഷ്, 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 100 ഗ്രാം ബോറാക്‌സ് എന്നിവ നല്‍കണം. ഇവയ്‌ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. കവുങ്ങിന് ഇപ്പോള്‍ പ്രധാനമായും പൂങ്കുല കരിയലും അടയ്ക്ക പൊഴിച്ചിലും കണ്ടുവരുന്നുണ്ട്. ഇതിന് ഒരു മില്ലി ലിറ്റര്‍ ടില്‍റ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കുലകളില്‍ തളിക്കണം. വളത്തിനായി 500 ഗ്രാം കുമ്മായം ഇട്ട് 15 ദിവസത്തിന് ശേഷം 200 ഗ്രാം യൂറിയ, 500 ഗ്രാം രാജ്‌ഫോഴ്‌സ്, 200 ഗ്രാം പൊട്ടാഷ്, 50 ഗ്രാം ബോറോക്‌സ് എന്നിവ നല്‍കണം. വാഴക്കര്‍ഷകര്‍ക്കാണ് പൊട്ടാഷ് കൂടുതല്‍ ആവശ്യമായി വരുന്നത്. പത്ത് മാസത്തിനിടെ ഓരോ മാസവും 700 ഗ്രാം പൊട്ടാഷ്, 600 ഗ്രാം യൂറിയ എന്നിങ്ങനെ നല്‍കണം. ഇതിനെല്ലാം വില കുത്തനെ ഉയര്‍ന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞുക്കൊണ്ടിരിക്കയാണ്. അടക്കക്ക് മാത്രമാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട വില ലഭിക്കുന്നത്. തേങ്ങയുടെ കാര്യമാണ് ഏറെ ദയനീയം. കിലോയ്ക്ക് 42 രൂപയിലധികമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 25 രൂപയാണ് വില. അതും കച്ചവടക്കാര്‍ എടുക്കാന്‍ തയ്യാറാവുന്നില്ല. തേങ്ങക്ക് സര്‍ക്കാര്‍ 32 രൂപ താങ്ങു വില പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ പേരിന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമാണ് തേങ്ങ ശേഖരിക്കുന്നത്. കിലോ മീറ്ററുകള്‍ താങ്ങി അവിടേക്ക് തേങ്ങ എത്തിക്കണമെങ്കില്‍ വാടക, കയറ്റുകൂലി, ഇറക്കുകൂലി എന്നിവയൊക്കെ കഴിയുമ്പോള്‍ കിലോയ്ക്ക് 25 രൂപ തോതിലേ കിട്ടൂ. ഒരു കര്‍ഷകന് സ്ഥലത്തിന്റെ വ്യാപ്തി അനുസരിച്ച് ചുരുക്കം തേങ്ങകള്‍ മാത്രമേ വില്‍ക്കാനാവൂ. റബ്ബറിന്റെ സ്ഥിതിയും വലിയ മെച്ചമൊന്നുമില്ല. 160 രൂപയോളം കിലോയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ചെത്തുന്നതിനും ഷീറ്റാക്കുന്നതിനുമൊക്കെയുള്ള കൂലി കഴിഞ്ഞാല്‍ മറ്റൊന്നും ഉണ്ടാവില്ല. മിക്കകര്‍ഷകരും കൃഷി തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. വളത്തിന് സബ്‌സിഡി നല്‍കി കര്‍ഷകരെ സഹായിക്കാനുള്ള നടപടി ഉണ്ടാവണം.

Advertisement
Advertisement