For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സഹകരണ മേഖലയുടെ വിശ്വാസ്യത തകരരുത്

സഹകരണ മേഖലയുടെ വിശ്വാസ്യത തകരരുത്

02:30 PM Aug 01, 2022 IST | UD Desk
Advertisement

തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച നൂറുക്കണക്കിനാളുകളുടെ ജീവിതം തന്നെ വഴിമുട്ടിയ സംഭവം ഗൗരവത്തോടെ വേണം കാണാന്‍. കൂലിപ്പണിയെടുത്തും വിരമിക്കുമ്പോള്‍ കിട്ടിയ പണം സ്വരുകൂട്ടിയും ബാങ്കില്‍ നിക്ഷേപിച്ചവര്‍ തങ്ങളുടെ സമ്പാദ്യം തിരികെ ചോദിക്കുമ്പോള്‍ ആട്ടിയോടിക്കുന്ന സ്ഥിതി മറ്റാര്‍ക്കുമുണ്ടാവാന്‍ പാടില്ല. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നേഴ്‌സ് ഫിലോമിന കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സ കിട്ടാതെ മരണപ്പെടുകയുണ്ടായി. ഇവരുടെ കുടുംബത്തിന്റെ സമ്പാദ്യം മുഴുവനും കരുവന്നൂര്‍ സഹകരണ ബാങ്കിലായിരുന്നു. ഫിലോമിനയും മുംബൈയില്‍ വലിയ കമ്പനിയില്‍ 40 വര്‍ഷം ഡ്രൈവറായിരുന്ന ദേവസിയും വിദേശത്ത് ജോലി ചെയ്ത മകന്‍ ഡിനോയും അവരുടെ മുഴുവന്‍ സമ്പാദ്യവും വിരമിക്കല്‍ ആനുകൂല്യവും നിക്ഷേപിച്ചത് ഇവിടെയായിരുന്നു. ഡിനോയുടെ കാലിന് ശസ്ത്രക്രിയയ്ക്കായി പണം ചോദിച്ചപ്പോള്‍ 10,000 രൂപ വീതം പല തവണയായി ഒന്നരലക്ഷം നല്‍കി. അതിലേറെ ചെലവായി. അതിനിടെയാണ് ഫിലോമിനയ്ക്ക് തലവേദനയും കണ്ണിന് വീക്കവും വന്നത്. തലച്ചോറിലേക്കുള്ള ഞരമ്പില്‍ പഴുപ്പ് കണ്ടെത്തി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളില്‍ വിദഗ്ദ ചികിത്സക്ക് ഏഴ് ലക്ഷമാണ് ആവശ്യപ്പെട്ടത്. ബാങ്കിലെത്തി പലതവണ പറഞ്ഞെങ്കിലും ഒരു രൂപ പോലും അനുവദിച്ചില്ല. ശസ്ത്രക്രിയക്ക് ശേഷം ഡിനോയ്ക്ക് കാര്യമായ ജോലിയൊന്നും ചെയ്യാനായില്ല. 80 വയസുള്ള ദേവസി മാപ്രാണത്ത് ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയിലാണ് ഫിലോമിനയുടെ മരണം. ഇവരുടെ കുടുംബം ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ ഒരു ഭാഗം ലഭിച്ചിരുന്നെങ്കില്‍ ഫിലോമിനയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയിലടക്കം ഉറപ്പു നല്‍കിയതാണ്. എന്നിട്ടും ചികിത്സക്ക് പോലും പണം ആവശ്യപ്പെട്ടവരെ ആട്ടിയോടിക്കുകയായിരുന്നു. സഹകരണ സംഘങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു കേരളത്തിലെ സഹകരണ പ്രസ്ഥാനം. കരുവന്നൂര്‍ സഹകരണ ബാങ്ക് പോലുള്ളവയാണ് ഇതിന് വിരുദ്ധമായി നില്‍ക്കുന്നവ. സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പിടിപ്പുകേടും അഴിമതിയുമാണ് ബാങ്കിനെ ഈ നിലയിലെത്തിച്ചത്. നിക്ഷേപകരുടെ കോടികള്‍ ഭരണക്കാരും ജീവനക്കാരും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് കണ്ടെത്തിയതോടെ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു. 312 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കില്‍ 300 കോടിയുടെ ക്രമക്കേടും 104 കോടിയുടെ കൊള്ളയുമാണ് കണ്ടെത്തിയത്. സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ഒരു കമ്മീഷന്‍ ഏജന്റുമടക്കമുള്ള സംഘമാണ് കൊള്ള നടത്തിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഒമ്പതംഗ ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയിരുന്നു. 10 ലക്ഷത്തിന്റെ ചിട്ടിയില്‍ ഒരാള്‍ നൂറോളം നറുക്കിന് ചേരുകയും അയാള്‍ ആദ്യത്തെ 30 നറുക്കും വിളിച്ചെടുക്കുകയും ചെയ്തു. ശോഷിച്ച 70 നറുക്കിന്റെ അടവ് തുക നിക്ഷേപമായി കാണിച്ച് അഞ്ച് കോടി രൂപ വായ്പയെടുത്തെന്നും അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്ത്, ഇല്ലാത്ത സ്ഥലത്തിന്റെ വ്യാജരേഖ പണയം വെച്ച് അരകോടി രൂപ വീതം വായ്പയെടുത്തെന്നും അന്വേഷണത്തില്‍ വ്യക്തമായി. 40 വര്‍ഷമായി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഭരിച്ചിരുന്നത്. അറസ്റ്റിലായ ഭരണസമിതിയംഗങ്ങളെല്ലാം ജാമ്യത്തില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഓഡിറ്റ് നിരീക്ഷണ ചുമതലയില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരും ജോലിയില്‍ തിരികെയെത്തി. രാവന്തിയോളം വിയര്‍പ്പൊഴുക്കിയുണ്ടായ പണം നിക്ഷേപിച്ച സാധാരണക്കാരായ ജനങ്ങള്‍ക്കാണ് എല്ലാം നഷ്ടപ്പെട്ടത്. സഹകരണ പ്രസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന കുറേ ബാങ്കുകള്‍ ഇനിയും കുറേ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെ ഒക്കെ നിലക്ക് നിര്‍ത്താനും നിക്ഷേപകരുടെ പണം തിരികെ നല്‍കാനും നടപടി ഉണ്ടാവണം.

Advertisement
Advertisement