For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ജീവന് സുരക്ഷയില്ലാതെ മലയോര ഗ്രാമങ്ങള്‍

ജീവന് സുരക്ഷയില്ലാതെ മലയോര ഗ്രാമങ്ങള്‍

02:11 PM Aug 02, 2022 IST | UD Desk
Advertisement

കഴിഞ്ഞ ദിവസം പൂടംകല്ലില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരു യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഇയാള്‍ കാട്ടിലേക്ക് പോയ സ്ഥലത്തു നിന്നൊന്നുമല്ല കുത്തേറ്റത്. നൂറുക്കണക്കിന് ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്ന പൂടംകല്ല് ടൗണില്‍ നിന്ന്. ഇരിയ ഏഴാം മൈലിലെ ഓട്ടോ ഡ്രൈവര്‍ ബിനു അമ്മയുടെ പ്രമേഹ പരിശോധനയ്ക്കായി പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയില്‍ എത്തിയതായിരുന്നു. ബിനു ടൗണിലേക്ക് നടന്നു പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രണ്ട് പന്നികളില്‍ ഒന്ന് ബിനുവിനെ റോഡിന് സമീപത്തേക്ക് കുത്തിയിട്ട് അക്രമിക്കുകയായിരുന്നു. ബിനുവിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ആസ്പത്രിയിലേക്ക് വന്ന വരും സമീപത്തുണ്ടായിരുന്നവരും ബഹളമുണ്ടാക്കിയതോടെ പന്നി ഓടി മറിയുകയായിരുന്നു. മലയോര മേഖലകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായിരിക്കയാണ്. കാട്ടുപന്നികള്‍ക്ക് പുറമെ ആനയും കുരങ്ങും മയിലുകളും ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. പന്നികളുടെ ശല്യം കാരണം കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. പുലര്‍ച്ചെ ടാപ്പിങ്ങ് തൊഴിലാളികളാണ് ഏറെ ഭീഷണി നേരിടുന്നത്. രാവിലെ 4 മണിക്ക് മുമ്പ് തന്നെ തൊഴിലാളികള്‍ ടാപ്പിങ്ങിനായി വീട്ടില്‍ നിന്നിറങ്ങും. ജീവന്‍ പണയം വെച്ചാണ് ഇവര്‍ റബ്ബര്‍ തോട്ടങ്ങളിലെത്തുന്നത്. പടക്കം പൊട്ടിച്ചും ലൈറ്റടിച്ചുമാണ് ഇവര്‍ പന്നികളെ തുരത്തി ജോലി ചെയ്യുന്നത്. പുലര്‍ച്ചെ പത്രവിതരണം നടത്തുന്നവരുടെ സ്ഥിതിയും ഇതുതന്നെ. മലയോരത്തെ പാതയോരങ്ങള്‍ മിക്കതും കാട് മൂടിക്കിടക്കുകയാണ്. ഇതിനിടയില്‍ പോലും കാട്ടുപന്നികള്‍ താവളമാക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ മാത്രമായിരുന്നു പന്നികള്‍ ഇറങ്ങിയിരുന്നത്. എന്നാല്‍ ഇവ പെറ്റുപെരുകിയതോടെ ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങിയിരിക്കയാണ്. മുമ്പ് നായാട്ട് അനുവദിച്ചിരുന്ന കാലത്ത് കുറേ പന്നികളെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. നായാട്ട് നിരോധിച്ചതിനു ശേഷമാണ് ഇവ പെറ്റിപെരുകി ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നത്. കപ്പ, ചേമ്പ്, വാഴ തുടങ്ങിയ കൃഷികളെല്ലാം ഇവ നശിപ്പിക്കുകയാണ്. മലയോര മേഖലകളില്‍ കപ്പ കൃഷി മിക്കവരും ഉപേക്ഷിച്ചിരിക്കയാണ്. പന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നശിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. തോക്ക് ലൈസന്‍സുള്ള ഏതാനും പേരെ തിരഞ്ഞെടുത്ത് പഞ്ചായത്ത് പ്രസിഡണ്ടിന്റെ അനുമതിയോടെ വെടിവെച്ചുകൊല്ലാമെന്നതാണ് അടുത്തിടെ ഉണ്ടാക്കിയ നിയമം. ഇതിനാകട്ടെ ഓട്ടേറെ കടമ്പകളും കടക്കണം. ഇതൊക്കെ കടന്നിട്ടു വേണം കൊല്ലാനടുക്കുന്ന കാട്ടുപന്നിയെ നേരിടാന്‍. ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടെ കാട്ടുപന്നികളുടെ അക്രമത്തില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിലേറെ ആളുകള്‍ ചികിത്സയില്‍ കഴിയുകയുമാണ്. വെള്ളരിക്കുണ്ട് ടൗണില്‍ നിന്ന് കുഞ്ഞിരാമന്‍, തോമസ് ജോര്‍ജ്, ചക്കുങ്കന്‍ എന്നിവര്‍ക്കും ഈയിടെ കാട്ടുപന്നിയുടെ അക്രമത്തില്‍ പരിക്കേറ്റിരുന്നു. രണ്ട് മാസം മുമ്പ് പരപ്പ ടൗണിലും കാട്ടുപന്നിയിറങ്ങിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഗുരുപുരം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് പന്നിക്കൂട്ടം തട്ടി മറിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മാസങ്ങളോളം ആസ്പത്രിയില്‍ കഴിയേണ്ടി വന്നു. പന്നികളെ വെടിവെച്ചു കൊല്ലാന്‍ കര്‍ഷകര്‍ക്ക് കടമ്പകളേറെയുണ്ട്. അവരുടെ തോക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതാണ് ഒരു പ്രശ്‌നം. കൃഷിയിടം സംരക്ഷിക്കുന്നതിനാണ് സാധാരണ കര്‍ഷകര്‍ തോക്ക് ലൈസന്‍സ് എടുക്കുന്നത്. ഇത് പുതുക്കി നല്‍കുന്നില്ലെങ്കില്‍ ഇത്‌കൊണ്ടെന്ത് പ്രയോജനം. പന്നികള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാല്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന വനം വകുപ്പിന്റെ നിലപാടും കര്‍ഷകരില്‍ അംഗീകരിക്കുന്നില്ല. കൃഷിഭൂമികള്‍ കടന്ന് ജനവാസമേഖലകളിലേക്ക് ഇറങ്ങിയിട്ടും അധികൃതര്‍ മൗനം തുടരുന്നത് ഖേദകരമാണ്.

Advertisement
Advertisement