For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഡോക്ടര്‍മാരുടെ സുരക്ഷ വലിയ ഉത്തരവാദിത്വം

ഡോക്ടര്‍മാരുടെ സുരക്ഷ വലിയ ഉത്തരവാദിത്വം

02:37 PM May 11, 2023 IST | Utharadesam
Advertisement

കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ ചികില്‍സക്കായി പൊലീസ് എത്തിച്ച ആള്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. ദാരുണമായ ഈ സംഭവം ഉയര്‍ത്തിയ വേദനയില്‍ നിന്ന് മലയാളികള്‍ ഇപ്പോഴും മോചിതരായിട്ടില്ല. വളരെക്കാലമായി ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെടുന്നത് സംബന്ധിച്ച് ചര്‍ച്ചകളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിലനില്‍ക്കുന്നതിനിടയിലാണ് ഒരു വനിതാ ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം കേരളത്തിലുണ്ടായിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദനയെ മയക്കുമരുന്നിന് അടിമയായ അധ്യാപകന്‍ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അടിപിടിയില്‍ പരിക്കേറ്റ അധ്യാപകന്‍ സന്ദീപിനെ പൊലീസ് ഇന്നലെ പുലര്‍ച്ചെ ചികില്‍സക്കായി കൊട്ടാരക്കര ആസ്പത്രിയിലെത്തിക്കുകയായിരുന്നു. മുറിവ് വെച്ചുകെട്ടുന്നതിനിടെയാണ് സന്ദീപ് അക്രമാസക്തനായത്. പൊലീസുകാരെയടക്കം കത്രിക കൊണ്ട് കുത്തിയ സന്ദീപ് ഡോ. വന്ദനയെയും അക്രമിക്കുകയായിരുന്നു. നെഞ്ചില്‍ കത്രിക കൊണ്ട് നിരവധി തവണ കുത്തേറ്റ വന്ദന മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. ആസ്പത്രികളില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇതിന് മുമ്പുണ്ടായിട്ടുണ്ട്. ചില ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചികില്‍സാ പിഴവുകളും ബോധപൂര്‍വമുള്ള അനാസ്ഥകളും ഒക്കെ കൊണ്ട് രോഗികള്‍ ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ ബന്ധുക്കള്‍ അക്രമാസക്തരാവുകയും ഡോക്ടര്‍മാരെയും ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്യാറുണ്ട്. മദ്യത്തിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായി ആസ്പത്രികളിലെത്തുകയും പ്രശ്നങ്ങളുണ്ടാക്കി ഡോക്ടര്‍മാരെയും നഴ്സുമാരെയുമൊക്കെ അക്രമിക്കുന്നവരുമുണ്ട്. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കിയാലും ഫലിക്കാതെ മരണത്തിന് കീഴടങ്ങിയാല്‍ അത് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് വ്യാഖ്യാനിച്ചുള്ള അക്രമങ്ങളും നടക്കുന്നു. ഡോക്ടര്‍മാരുടെ പെരുമാറ്റദൂഷ്യം ക്ഷണിച്ചുവരുത്തുന്ന അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നു. എന്നാല്‍ ഡോ. വന്ദനയുടെ കാര്യത്തില്‍ അത്തരത്തിലുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. തന്നില്‍ അര്‍പ്പിതമായ ചുമതല തികഞ്ഞ ആത്മാര്‍ഥതയോടെയും സൗമനസ്യത്തോടെയും നിര്‍വഹിക്കുമ്പോഴാണ് വന്ദനക്ക് സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടിവന്നത്. ചികില്‍സക്കായി തനിക്ക് മുന്നിലെത്തിയ ആളെ പരിചരിക്കുകയെന്ന ലക്ഷ്യം മാത്രമേ വന്ദനയ്ക്കുണ്ടായിരുന്നുള്ളൂ. ഒട്ടും പ്രതീക്ഷിക്കാതെ ആസ്പത്രിയിലുണ്ടായ സംഭവവികാസങ്ങള്‍ ആ ഡോക്ടറുടെ ജീവന്‍ അപഹരിക്കപ്പെടാന്‍ കാരണമായിത്തീരുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഡോക്ടര്‍ ഇത്രയും ക്രൂരമായി കൊലചെയ്യപ്പെടുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നത്.ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച തന്നെയാണ്. മയക്കുമരുന്നിന് അടിമയായ ഒരാളെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിക്കേണ്ടതായിരുന്നു.സന്ദീപ് പ്രതിയല്ല, പരാതിക്കാരനായിരുന്നുവെന്നും അതുകൊണ്ടാണ് കയ്യില്‍ വിലങ്ങ് വെക്കാതിരുന്നതുമെന്ന് പൊലീസ് പറയുന്നുണ്ട്. ഇത് ഡോക്ടര്‍ കൊല്ലപ്പെടാന്‍ ഇടവരുത്തിയ സാഹചര്യത്തെ ന്യായീകരിക്കാന്‍ പര്യാപ്തമല്ല. പരാതിക്കാരനാണെങ്കില്‍ പോലും സന്ദീപ് മയക്കുമരുന്നിന് അടിമപ്പെട്ട് അക്രമാസക്തനായ നിലയിലായിരുന്നുവെന്ന് പൊലീസിന് തന്നെ ബോധ്യപ്പെട്ട കാര്യമാണ്. ആ നിലയ്ക്ക് ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള ജാഗ്രതയും മുന്‍കരുതലും പൊലീസ് സ്വീകരിക്കേണ്ടതായിരുന്നു. പൊലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. കഴിഞ്ഞ വര്‍ഷം മാത്രമായി ഡോക്ടര്‍മാര്‍ക്കെതിരെ നടന്നത് നൂറിലധികം അക്രമങ്ങളാണ്.
വന്ദനയുടെ കൊലപാതകത്തില്‍ ആഭ്യന്തരവകുപ്പും ആരോഗ്യവകുപ്പും ഉത്തരം പറയേണ്ട സ്ഥിതിയാണുള്ളത്.ഇത്തരം സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

Advertisement
Advertisement