For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കാസര്‍കോട് മെഡിക്കല്‍ കോളേജിലും ജലക്ഷാമം

കാസര്‍കോട് മെഡിക്കല്‍ കോളേജിലും ജലക്ഷാമം

02:14 PM May 17, 2023 IST | Utharadesam
Advertisement

കുടിവെള്ളക്ഷാമം കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ട് ആഴ്ചകളോളമായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഇതിനിടയിലാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലും കുടിവെള്ളക്ഷാമം കാരണം ആസ്പത്രി ജീവനക്കാരും രോഗികളും ദുരിതമനുഭവിക്കുന്നത്. പൊതുവെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം നിലവാരത്തിലാണ് കാസര്‍കോട് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. പേര് മെഡിക്കല്‍ കോളേജ് എന്നാണെങ്കിലും മാരകമായ രോഗങ്ങളുള്ളവര്‍ക്കും അക്രമങ്ങളിലും അപകടങ്ങളിലും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും വിദഗ്ധ ചികില്‍സ ലഭിക്കണമെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിലോ മംഗളൂരുവിലെ ആസ്പത്രികളിലോ പോകണം.അങ്ങനെ മെച്ചപ്പെട്ട ചികില്‍സാ സംവിധാനങ്ങളൊന്നുമില്ലാതെ തികഞ്ഞ അവഗണനയെ നേരിടുന്ന മെഡിക്കല്‍ കോളേജില്‍ കുടിവെള്ളം കൂടി ഇല്ലാത്ത അവസ്ഥ വന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അടുക്ക സ്ഥലയിലെ പുഴയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാറുള്ളത്. പുഴ വറ്റിവരണ്ടതോടെ ഒരു കുഴല്‍ക്കിണറില്‍ നിന്നാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നത്. ഈ കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളവും ഏത് സമയവും നിലയ്ക്കാവുന്ന അവസ്ഥയാണുള്ളത്. കുഴല്‍ക്കിണറില്‍ വെള്ളം വറ്റിതുടങ്ങുകയാണ്. മതിയായ വേനല്‍മഴ ലഭിക്കാതിരുന്നതാണ് കുഴല്‍ക്കിണറിലെ വെള്ളവും വറ്റിതുടങ്ങാന്‍ കാരണം. മെഡിക്കല്‍ കോളേജിലെ ശൗചാലയങ്ങളും മറ്റും ജലക്ഷാമം മൂലം അടച്ചിട്ടുകഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ വിവിധ ഒ.പികളിലായി ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് പരിശോധനക്കും ചികില്‍സക്കുമായി എത്തുന്നത്. കുടിവെള്ളപ്രശ്നം കാരണം പല രോഗികളും മെഡിക്കല്‍ കോളേജിലെ ചികില്‍സ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. മെഡിക്കല്‍ കോളേജിലെ ജലക്ഷാമം സംബന്ധിച്ച വിഷയം ആഴ്ചകള്‍ക്കുമുമ്പ് തന്നെ ജില്ലാഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ബദിയടുക്ക പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച് ലഭിക്കുന്ന മറുപടി. എന്നാല്‍ കൃത്യമായ ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. ഉത്തരവില്ലാതെ ജലവിതരണത്തിനുള്ള സംവിധാനമുണ്ടാക്കിയാല്‍ അതുമൂലമുണ്ടാകുന്ന സാമ്പത്തികബാധ്യത തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് പഞ്ചായത്തുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എങ്കില്‍ പിന്നെ മെഡിക്കല്‍ കോളേജിലെ ജലക്ഷാമം പരിഹരിക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്ന ചോദ്യം ഉയരുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് എത്രയും വേഗം പ്രശ്നത്തില്‍ ഇടപെട്ട് മെഡിക്കല്‍ കോളേജിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണം. മെഡിക്കല്‍ കോളേജിലെ ചികില്‍സാസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടി വേണം.

Advertisement
Advertisement