For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വഴിവിട്ട ബന്ധങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍

വഴിവിട്ട ബന്ധങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍

02:31 PM May 18, 2023 IST | Utharadesam
Advertisement

വഴിവിട്ട ബന്ധങ്ങള്‍ മൂലമുള്ള കൊലപാതകങ്ങളും ആത്മഹത്യകളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടതും വഴിവിട്ട ബന്ധത്തിന്റെ പരിണിതഫലമാണ്. കാസര്‍കോട് മൈന്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ദേവിക എന്ന 34 കാരിയെ ആണ്‍ സുഹൃത്തായ സതീഷ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദേവികയ്ക്ക് ഭര്‍ത്താവും മക്കളും പ്രതി സതീഷിന് ഭാര്യയും മക്കളുമുണ്ട്. തന്റെ കുടുംബജീവിതത്തിന് ദേവിക തടസം സൃഷ്ടിക്കുന്നുവെന്നതിനാലാണ് ദേവികയെ കൊലപ്പെടുത്തിയതെന്നാണ് സതീഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. എന്തുതന്നെയായാലും കുടുംബജീവിതം മറന്നുള്ള രണ്ട് വ്യക്തികളുടെ ബന്ധം വലിയൊരു ദുരന്തത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പറയാം. ദേവിക കൊല്ലപ്പെട്ടതോടെ മക്കള്‍ക്ക് അമ്മ നഷ്ടമായി. സതീഷ് ജയിലില്‍ പോകുന്നതോടെ അയാളുടെ മക്കള്‍ക്ക് അഛന്റെ തണലും നഷ്ടമാകുകയാണ്. ദേവികവധം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഈ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തില്‍ ഒരു വിഭാഗം സ്ത്രീകളും പുരുഷന്‍മാരും വിവാഹജീവിതത്തില്‍ മാത്രം സംതൃപ്തിയുള്ളവരല്ല. അവര്‍ വിവാഹേതര ബന്ധം കൂടി സ്ഥാപിച്ച് അതില്‍ സുഖവും സന്തോഷവും കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ ഏറെയുണ്ട്. അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്ന പുരുഷന്‍മാരുമുണ്ട്. മറ്റൊരു ബന്ധം രഹസ്യമായി നിലനിര്‍ത്തി ദാമ്പത്യജീവിതവുമായി മുന്നോട്ടുപോകുന്ന സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. ഇത്തരം ബന്ധങ്ങള്‍ വ്യക്തിസ്വാതന്ത്ര്യവും സന്തോഷവും സമാധാനവും ഹനിക്കുന്ന സമ്മര്‍ദങ്ങളായി മാറുമ്പോഴാണ് കൊലപാതകങ്ങളും ആത്മഹത്യകളും സംഭവിക്കുന്നത്. സുഖത്തിന്റെ പിന്നാലെ ആസക്തിയോടെ പായുമ്പോള്‍ ചിലപ്പോള്‍ അതിന്റെ പ്രത്യാഘാതം ദുരന്തം തന്നെയായിരിക്കും. കുടുംബജീവിതവും സാമൂഹ്യബന്ധവും തകരും. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് അവിഹിതബന്ധങ്ങള്‍ വേഗത്തിലാണ് വളരുന്നത്. സ്വന്തം കുടുംബത്തെക്കാളും അന്തസോടെയുള്ള ജീവിതത്തെക്കാളും അവിഹിത ബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന വ്യക്തികള്‍ ഒടുവില്‍ സര്‍വനാശത്തിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ മക്കളും മറ്റ് കുടുംബാംഗങ്ങളും സമൂഹത്തിന് മുന്നില്‍ പരിഹസിക്കപ്പെടുന്നുവെന്നതാണ് സങ്കടകരമായ മറ്റൊരു സത്യം. അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള ഇവരുടെ അവകാശം ഇല്ലാതാക്കുന്ന അസാന്‍മാര്‍ഗിക പ്രവൃത്തികള്‍ ചെയ്യാന്‍ സുഖത്തിന് പിറകെ പോകുന്നവര്‍ക്ക് യാതൊരു മടിയുമില്ല. അവിഹിതബന്ധങ്ങള്‍ തടയുകയെന്നത് സാമൂഹിക ഉത്തരവാദിത്വമല്ല. നിയമത്തിന്റെ കണ്ണില്‍ പോലും ഇതൊരു കുറ്റകൃത്യമല്ല. പ്രായപൂര്‍ത്തിയാവര്‍ക്ക് ഏതൊരു തരത്തിലുള്ള ബന്ധത്തില്‍ ഏര്‍പ്പെടാനും നിയമം അനുമതി നല്‍കുന്നു. ഇവിടെ സ്വയം നിയന്ത്രണം എന്നത് മാത്രമാണ് പരിഹാരം. സ്വയം കൃതാനര്‍ഥം കൊല്ലപ്പെടുകയോ ജീവിതദുരിതങ്ങളിലേക്ക് എടുത്തെറിയപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ജാഗ്രതയും വിവേകവുമാണ് വേണ്ടത്.

Advertisement
Advertisement