For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പകര്‍ച്ചവ്യാധി  മുന്‍കരുതല്‍ അനിവാര്യം

പകര്‍ച്ചവ്യാധി: മുന്‍കരുതല്‍ അനിവാര്യം

02:02 PM May 19, 2023 IST | Utharadesam
Advertisement

കാലവര്‍ഷം തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വേനല്‍മഴ ലഭ്യമായില്ലെങ്കിലും അടുത്ത മാസത്തോടെ കാലവര്‍ഷം സമാഗതമാകുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തിയില്ലെങ്കില്‍ വലിയ വെല്ലുവിളി തന്നെയായിരിക്കും നമ്മുടെ നാട് അഭിമുഖീകരിക്കുക. മാരകമായ സാംക്രമികരോഗങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്ന തരത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ എല്ലാ വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വീടുകളും പരിസരങ്ങളും ശുചീകരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതോടൊപ്പം നാട്ടിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. ജനവാസകേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും മാലിന്യം തള്ളുകയെന്ന ദുശീലം മലയാളികള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും വന്‍തോതിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. അറവ് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം പുഴകളിലും മറ്റും തള്ളുന്നു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വേണ്ട രീതിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നത് മൂലം ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും മാത്രമല്ല പകര്‍ച്ചപ്പനിയും എലിപ്പനിയും കോളറയും വരെ കഴിഞ്ഞ വര്‍ഷം പടര്‍ന്നിരുന്നു. പല തരത്തിലുള്ള മറ്റ് സാംക്രമികരോഗങ്ങളും മഴക്കാലത്ത് പടരുന്നുണ്ട്. രൂക്ഷമായ തോതിലല്ലെങ്കിലും കോവിഡും ഇവിടെ നിന്ന് പോയിട്ടില്ല. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ മഴ കൂടി പെയ്താല്‍ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളും മറ്റ് പ്രാണികളും പെരുകുന്നു. കവുങ്ങിന്‍ തോപ്പുകളിലും തെങ്ങിന്‍ തോപ്പുകളിലും റബ്ബര്‍തോട്ടങ്ങളിലും കുഴികളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം കൊതുകുകള്‍ പെരുകാന്‍ ഇടവരുത്തുകയാണ്. അതുപോലെ റോഡുകളിലെയും മറ്റ് പൊതു സ്ഥലങ്ങളിലെയും വെള്ളക്കെട്ടുകളും കൊതുകുകളും കൂത്താടികളും വളരാന്‍ ഇടയാക്കുന്നു. പലയിടങ്ങളിലും പണി പൂര്‍ത്തിയാകാത്ത ഓവുചാലുകള്‍ കൊതുകുകളുടെ ആവാസകേന്ദ്രങ്ങളാകുമെന്നതില്‍ സംശയമില്ല. പാതിവഴിയില്‍ പണി അവസാനിപ്പിച്ച മൂടാത്ത ഓവുചാലുകളില്‍ മഴവെള്ളം കെട്ടിക്കിടക്കും. ഇവിടങ്ങളും കൊതുക് വളര്‍ത്തുകേന്ദ്രങ്ങളായി മാറും. മലിനജലം ഒഴുക്കിവിടുന്നതിനുള്ള സൗകര്യമുണ്ടാകണമെങ്കില്‍ ഓവുചാലുകളുടെ പണിപൂര്‍ത്തിയാകണം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിച്ചുതുടങ്ങിയ പല ഓവുചാലുകളും പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഇത്തരം ഓവുചാലുകളില്‍ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകും. വെള്ളത്തിന് ഒഴുകിപോകാന്‍ ആവശ്യമായ സൗകര്യമേര്‍പ്പെടുത്താത്തതുകൊണ്ടാണ് വെള്ളക്കെട്ടുകളുണ്ടാകുന്നത്. ഇതിന് കാരണം അധികൃതരുടെ അനാസ്ഥ തന്നെയാണ്. ഇതിനാകട്ടെ വലിയ വില തന്നെ നല്‍കേണ്ടിവരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ അനാസ്ഥയും അലംഭാവവും ഉണ്ടാകാന്‍ പാടില്ല.

Advertisement
Advertisement