For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കാട്ടുപോത്തുകള്‍ ജീവനെടുക്കുമ്പോള്‍ കാസര്‍കോട്ടും ജാഗ്രത വേണം

കാട്ടുപോത്തുകള്‍ ജീവനെടുക്കുമ്പോള്‍ കാസര്‍കോട്ടും ജാഗ്രത വേണം

02:26 PM May 22, 2023 IST | Utharadesam
Advertisement

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത് മൂന്നുപേരാണ്. കോട്ടയം എരുമേലി കണമലയില്‍ രണ്ടുപേരും കൊല്ലം ആയിരൂരില്‍ ഒരാളുമാണ് കാട്ടുപോത്തിന്റെ അക്രമണത്തില്‍ മരിച്ചത്. ഒരേ ദിവസം ഇത്രയും പേര്‍ കാട്ടുപോത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. കൊല്ലപ്പെട്ടവരെല്ലാം വയോധികരുമാണ്. അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവര്‍. യുവാക്കള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ ഇവര്‍ക്ക് കാട്ടുപോത്തിന്റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളും അവശതകളും ഉള്ളവരായതിനാലാണ് മൂന്നുപേര്‍ക്കും രക്ഷപ്പെടാന്‍ കഴിയാതെ വന്നത്. വനമേഖലയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടുപോത്തുകളാണ് മൂന്ന് മനുഷ്യജീവനുകള്‍ അപഹരിച്ചത്. ദാരുണമായ ഈ മൂന്ന് സംഭവങ്ങളെയും നിസ്സാരമായി കാണാനാകില്ല. കാട്ടുപോത്തുകളുടെ സൈ്വര്യവിഹാരമുള്ള കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവജാഗ്രത വേണമെന്നാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. കാട്ടാനകളെക്കാള്‍ വലിയ അപകടകാരികളാണ് കാട്ടുപോത്തുകള്‍. കാട്ടാനകള്‍ ആളുകളെ ഏറെ ദൂരം ഓടിക്കില്ല. എന്നാല്‍ കാട്ടുപോത്തുകള്‍ അങ്ങനെയല്ല. അക്രമിക്കാനായി പിറകെ ഓടുന്ന ആന ലക്ഷ്യം കണ്ടിട്ടേ തിരിച്ചുപോകുകയുള്ളൂ. ആനയെ പോലെ ഇടയ്ക്ക് വെച്ച് പിന്തിരിയില്ല. അതുകൊണ്ടുതന്നെ കാട്ടുപോത്തുകള്‍ വിഹരിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭയപ്പെടുക തന്നെ വേണം. കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളില്‍ കാട്ടാനകളും കാട്ടുപോത്തുകളും കാട്ടുപന്നികളും ജനങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വനംവകുപ്പിന്റെ കാസര്‍കോട് റേഞ്ച് പരിധിയില്‍ നിരവധി കാട്ടുപോത്തുകള്‍ ഉണ്ടെന്നാണ് കണക്ക്. കാസര്‍കോട് ജില്ലയില്‍ കാട്ടുപോത്തിന്റെ അക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. വനാതിര്‍ത്തിയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഏത് സമയത്തും കാട്ടുപോത്തുകളുടെ അക്രമണമുണ്ടാകാമെന്ന ഭീതിയിലാണ് കഴിയുന്നത്. പകല്‍സമയത്തുപോലും കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങുന്നുണ്ട്. വനാതിര്‍ത്തി പങ്കിടുന്ന ദേലംപാടി, മുളിയാര്‍, കാറഡുക്ക, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. സംരക്ഷിത വനം ഇല്ലാത്ത പഞ്ചായത്തുകളിലും കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ട്. നിലവില്‍ കാട്ടുപോത്തുകള്‍ കൃഷിനാശം വരുത്തുകയാണ് ചെയ്യുന്നത്. കോട്ടയത്തും കൊല്ലത്തുമായി മൂന്നുപേരെ കാട്ടുപോത്തുകള്‍ കുത്തിക്കൊന്നതോടെ കാസര്‍കോട് ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ഭയാശങ്കയിലാണ് കഴിയുന്നത്. കാട്ടുപോത്തുകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത് പതിവുകാഴ്ചയാണ്. രാത്രിയും പുലര്‍ച്ചെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇവ ഭീഷണി തന്നെയാണ്. കാട്ടുപോത്തുകളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിനൊപ്പം ഇവയെ തുരത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് പ്രായോഗിക നടപടികള്‍ ഉണ്ടാകണം.

Advertisement
Advertisement