For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പണിപൂര്‍ത്തിയാകാത്ത റോഡുകളും യാത്രക്കാരുടെ ദുരിതങ്ങളും

പണിപൂര്‍ത്തിയാകാത്ത റോഡുകളും യാത്രക്കാരുടെ ദുരിതങ്ങളും

03:16 PM May 24, 2023 IST | Utharadesam
Advertisement

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പണിപൂര്‍ത്തിയാകാതെ കിടക്കുന്ന റോഡുകള്‍ നിരവധിയാണ്. എന്നാല്‍ റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതു കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഏറെയാണ്. ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജനവാസം ഏറെയുള്ള ഭാഗങ്ങളില്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട റോഡുകള്‍ കാണാം. ചെമ്മനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഇങ്ങനെയുള്ള ഒരു റോഡുണ്ട്. ബേനൂര്‍-പച്ചോട്ടംപള്ളം റോഡിന്റെ പണിയാണ് പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ മുങ്ങിയിരിക്കുന്നത്.
റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടക്കുന്നതായി നാട്ടുകാര്‍ ആരോപണമുന്നയിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച എം സാന്‍ഡിന് നിലവാരമില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇതാണ് കരാറുകാരന്‍ പണി ഉപേക്ഷിക്കാന്‍ കാരണമായി പറയുന്നത്. 65 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ വരെ വീതിയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 3.5 ലക്ഷം രൂപ ചെലവില്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. ഇതുപ്രകാരം 2022-2023 വാര്‍ഷിക പദ്ധതിയില്‍ പണി തീരേണ്ടതായിരുന്നു. ചെങ്കല്ല് പാകിയാണ് റോഡ് പണി നടന്നുവന്നത്. എന്നാല്‍ റോഡ് നിര്‍മ്മാണത്തിനെത്തിച്ച എം സാന്‍ഡ് ഗുണനിലവാരം കുറഞ്ഞതാണെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കരാറുകാരന്‍ പണി ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. ഇപ്പോള്‍ റോഡ് പണി അനിശ്ചിതാവസ്ഥയിലാണ്.
റോഡില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇറക്കിയ ജില്ലികള്‍ ഇട്ടതുകൊണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. ഈ പ്രദേശത്തെ കിടപ്പുരോഗികള്‍ അടക്കമുള്ളവരെ ആസ്പത്രികളില്‍ കൊണ്ടുപോകാന്‍ പോലും ഏറെ ബുദ്ധിമുട്ടുകയാണ്. ഓട്ടോറിക്ഷകള്‍ക്ക് പോലും സുഗമമായി ഓടിച്ചുപോകാന്‍ കഴിയാത്ത വിധം ദുഷ്‌കരമാണ് റോഡിന്റെ അവസ്ഥ. ജില്ലികള്‍ റോഡില്‍ പരക്കെ ചിതറിക്കിടക്കുകയാണ്. ഇത് കോണ്‍ക്രീറ്റ് ചെയ്തില്ലെങ്കില്‍ റോഡിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായി തന്നെ തുടരും.
അത്യാവശ്യത്തിന് വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്നതിനിടെ ജില്ലികള്‍ തെറിച്ചും മറ്റും അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. റോഡരികിലൂടെ നടന്നുപോകുന്നവരുടെ ദേഹത്തേക്ക് ജില്ലിക്കഷണങ്ങള്‍ തെറിച്ചുവീഴുന്നു. റോഡ് പണി നിലച്ചിട്ട് മൂന്ന് മാസത്തോളമാകാറായി. കിടപ്പുരോഗികളെ ആസ്പത്രിയിലെത്തിക്കാന്‍ പോലും സാധിക്കാത്ത വിധം ദയനീയസ്ഥിതിയിലുള്ള റോഡിന്റെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികാരികള്‍ ഗൗരവപൂര്‍വം പരിഗണിക്കണം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡ് പണികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചില കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അഴിമതി നടത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നുണ്ട്. ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍ വേഗത്തില്‍ തന്നെ തകരും. അതുകൊണ്ട് ക്രമക്കേടുകള്‍ തടയാനും നടപടി വേണം.

Advertisement
Advertisement