For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
അപകടങ്ങള്‍ തടയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം

അപകടങ്ങള്‍ തടയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം

02:01 PM May 26, 2023 IST | Utharadesam
Advertisement

ദേശീയപാത വികസനജോലികള്‍ പുരോഗമിക്കുമ്പോഴും മതിയായ മുന്‍കരുതലുകള്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. വേനല്‍മഴ ഇടയ്ക്കിടെ പെയ്യുന്നത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ദേശീയപാതവികസനം ചില ഭാഗങ്ങളില്‍ തകൃതിയായി നടക്കുമ്പോള്‍ മറ്റ് ചില ഭാഗങ്ങളില്‍ ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണ് ചെയ്യുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാതെയാണ് റോഡ് നിര്‍മാണം നടക്കുന്നത്. ബാരിക്കേഡുകള്‍ വെക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചെര്‍ക്കള മുതല്‍ പള്ളിക്കര വരെയുള്ള റീച്ചിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ തന്നെ അപകടങ്ങളും ക്രമാതീതമായി വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് റീച്ചിന്റെ നിര്‍മാണച്ചുമതലയുള്ളത്. എന്നാല്‍ അപകടങ്ങള്‍ പരമാവധി ഒഴിവാക്കുന്ന രീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനമല്ല നടക്കുന്നതെന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനും വാഹനങ്ങളുടെ സുഗമമായ യാത്രക്കും പരിഗണന നല്‍കാതെയാണ് ജോലികള്‍ മുന്നോട്ടുപോകുന്നത്. രണ്ടാഴ്ച മുമ്പാണ് പെരിയയില്‍ കലുങ്കിനായി നിര്‍മിച്ച കുഴിയില്‍ ബൈക്ക് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റത്. ഈ സംഭവത്തില്‍ കമ്പനി അധികൃതര്‍ക്കെതിരെ പെരിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ബൈക്ക് വീണ കുഴിക്ക് ചുറ്റും സുരക്ഷാവേലി ഒരുക്കാതെ റോഡ് നിര്‍മാണപ്രവൃത്തി തുടരാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ തൊഴിലാളികള്‍ കുഴിക്ക് ചുറ്റും വീപ്പകള്‍ നിരത്തി താല്‍ക്കാലികമായ സുരക്ഷ ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബട്ടത്തൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാല്‍ നിര്‍മിക്കുന്ന ഭാഗത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടസാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഇവിടെ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.പെരിയ ടൗണില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനിടെ അടിപ്പാത തകര്‍ന്ന സംഭവം കമ്പനിക്കെതിരെ വന്‍ ജനരോഷമുയരാന്‍ കാരണമായിരുന്നു. ഗുണനിലവാരമുള്ള സാധനസാമഗ്രികള്‍ ഉപയോഗിക്കാതിരുന്നതാണ് അടിപ്പാത തകരാന്‍ ഇടവരുത്തിയിരുന്നത്. പെരിയയില്‍ ഇപ്പോള്‍ അടിപ്പാത പുനര്‍ നിര്‍മിച്ചിട്ടുണ്ട്. പെരിയ നവോദയവിദ്യാലയം, കുണിയ, പെരിയാട്ടടുക്കം, ചാലിങ്കാല്‍ മൊട്ട, കേന്ദ്രസര്‍വകലാശാലയുടെ മുന്‍വശം, മൂലക്കണ്ടം എന്നിവിടങ്ങളിലും മതിയായ സുരക്ഷാവേലികളില്ല. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പാതയ്ക്കായി മണ്ണ് നീക്കിയ സ്ഥലത്തും റോഡ് വഴിമാറിപ്പോകേണ്ട സ്ഥലത്തും മതിയായ റിഫ്ളക്ടറോ സിഗ്‌നല്‍ ലൈറ്റുകളോ ഇല്ല. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ അപകടത്തില്‍പ്പെടാന്‍ ഈ അനാസ്ഥ കാരണമാകും. അതുകൊണ്ട് ദേശീയപാത വികസനജോലികള്‍ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തുന്ന വിധത്തിലാണ് മുന്നോട്ട് പോകേണ്ടത്. വലിയൊരു ദുരന്തം സംഭവിക്കുന്നത് വരെ കാത്തിരിക്കരുത്.

Advertisement
Advertisement