For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇംഗ്ലീഷ് കാര്‍ണിവല്‍ പഠനമികവിന്റെ വേദിയായി

ഇംഗ്ലീഷ് കാര്‍ണിവല്‍ പഠനമികവിന്റെ വേദിയായി

03:20 PM Mar 17, 2023 IST | Utharadesam
Advertisement

കാസര്‍കോട്: ‘കമോണ്‍..കമോണ്‍ ഫ്രൂട്ട്‌സ്, ടേസ്റ്റി ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ്’ മുന്നിലെ സ്റ്റാളില്‍ ഒരുക്കിവച്ച സാധനങ്ങള്‍ ചൂണ്ടിക്കാട്ടി കൂട്ടുകാര്‍ ഓരോരുത്തരായി വിളിച്ചുപറഞ്ഞപ്പോള്‍ ‘വാട്ട് ഈസ് ദ പ്രൈസ്?’ ചോദ്യവുമായി രക്ഷിതാക്കളും സഹപാഠികളും. ‘ഓണ്‍ലി ഫൈവ് റുപ്പീസ് ഫോര്‍ വണ്‍ ബലൂണ്‍ സര്‍’… പരിഭ്രമമേതുമില്ലാതെ കുട്ടികള്‍ മറുപടി പറഞ്ഞപ്പോള്‍ കണ്ടുനിന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിറഞ്ഞ സംതൃപ്തി. സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച ‘എന്‍ഹാന്‍സിങ് ലേണിങ് ആംബിയന്‍സ്’ (ഇല) പ്രോഗ്രാമിന്റെ ഭാഗമായി കാസര്‍കോട് ഗവ.യു.പി സ്‌കൂളില്‍ ഒരുക്കിയ ഇംഗ്ലീഷ് കാര്‍ണിവലാണ് കുട്ടികളുടെ പഠനമികവിന്റെ പ്രകടന വേദിയായത്.
കോവിഡ് കാലം കുട്ടികളിലുണ്ടാക്കിയ പഠനപ്രയാസങ്ങള്‍ മറികടക്കാനും വിവിധ മേഖലകളില്‍ ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായാണ് ‘ഇല’ പദ്ധതിക്ക് എസ്.എസ്.കെ രൂപം നല്‍കിയത്. ഭാഷ, ഗണിതം, പരിസരപഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇംഗ്ലീഷില്‍ ‘The lost child’ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി സ്‌കൂളില്‍ സംഘടിപ്പിച്ച ‘ഇംഗ്ലീഷ് കാര്‍ണിവല്‍’ അക്ഷരാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതുമ സമ്മാനിച്ചു. ടോയ്‌സ്, ബുക്‌സ്, ഫ്‌ളവേഴ്‌സ്, സാനിറ്ററി ഐറ്റംസ്, സ്വീറ്റ്‌സ് തുടങ്ങിയവയും മിതമായ നിരക്കില്‍ വ്യത്യസ്ത സ്റ്റാളുകളില്‍ ക്രമീകരിച്ചിരുന്നു. ഒപ്പം കളിച്ചുല്ലസിക്കാന്‍ കുട്ടികള്‍ക്കായി പ്രത്യേക ഇനങ്ങളും. നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ ഇംഗ്ലീഷ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എം. ശ്രീലത സംസാരിച്ചു. പ്രധാനാധ്യാപിക ടി.എന്‍. ജയശ്രീ സ്വാഗതം പറഞ്ഞു.

Advertisement
Advertisement