For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
എന്റെ കേരളം പ്രദര്‍ശന വിപണന മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

എന്റെ കേരളം പ്രദര്‍ശന വിപണന മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

04:20 PM May 01, 2022 IST | UD Desk
Advertisement

കാസർകോട്: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് മൂന്ന് മുതല്‍ 9 വരെ നടക്കും . മെയ് നാലിന് വൈകീട്ട് 5 മണിക്ക് മേളയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലയുടെ ചുമതല കൂടിയുള്ള തുറമുഖം, മ്യൂസിയം ,പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ചടങ്ങില്‍ പച്ചക്കറി തൈ വിതരണം ചെയ്ത് മന്ത്രി നിര്‍വഹിക്കും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി, എം എല്‍ എ മാര്‍ , തദ്ദേശ ഭരണസ്ഥാപനജനപ്രതിനിധികള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജില്ലാ കളക്ടര്‍. ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
മെയ് 4 ന് കോട്ടച്ചേരിയില്‍ നിന്ന് ആലാമിപ്പള്ളി ബസ് സ്റ്റാന്റ് വരെ വിപുലമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. നിശ്ചല , ചലന ദൃശ്യങ്ങള്‍ , കുടുംബശ്രീ, ഹരിതകര്‍മസേന , സ്റ്റുഡന്റ് പോലീസ് കേഡറ്റ് , എന്നിവയുടേയും യൂത്ത് ക്ലബുകളുടെയും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഘോഷയാത്രക്ക് മിഴിവേകും. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഘോഷയാത്രയുടെ ഭാഗമാകും.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് നേതൃത്വം നല്‍കി ജില്ലാ ഭരണകൂടം ഒരുക്കുന്ന ഒരാഴ്ച നീളുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എന്റെ കേരളം തീം ഏരിയയ്ക്ക് പുറമെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള , ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം , കുടുംബശ്രീ ഭക്ഷ്യമേള എന്നിവ മുഖ്യ ആകര്‍ഷണമാകും. പ്രദര്‍ശന വിപണനമേളയിലേക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.
മേയ് 3ന് വൈകീട്ട് 5.30ന് തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ വനിതാ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന ചരട് കുത്തി കോല്‍ക്കളി.
വൈകീട്ട് 6ന് പ്രശസ്ത സിനിമാ നാടക പിന്നണി ഗായകന്‍ വി ടി മുരളി നയിക്കുന്ന ഇശല്‍ നിലാ സ്മൃതി ഗീതങ്ങള്‍ അരങ്ങേറും.
മെയ് 4ന് ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് 6ന് ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍ഇസമ സൂഫി, ഗസല്‍, ഖവാലി സംഗീതരാവ്.
മെയ് 5ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും, ഉച്ചയ്ക്ക് 2 മുതല്‍ 3 മണി വരെ ആരോഗ്യ ബോധവല്‍കരണ സെമിനാറും സംഘടിപ്പിക്കും.
വൈകീട്ട് 6 മണിക്ക് കുടുംബശ്രീ കലാസന്ധ്യ. അവതരണം രംഗശ്രീ. രാത്രി 7.30ന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കലാപരിപാടികള്‍. രാത്രി 8.30ന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അവതരിപ്പിക്കുന്ന ഗാനമേള വസന്ത ഗീതങ്ങള്‍ അരങ്ങേറും.
മെയ് ആറിന് രാവിലെ 10ന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍. ജില്ലയിലെ കയറ്റുമതി സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ച. ഉച്ചയ്ക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ സെമിനാര്‍.
വൈകീട്ട് 6 മണിക്ക് സുകന്യ സുനില്‍ ( ശ്രാവണിക അമാല്‍ഗമേഷന്‍ ഓഫ് ആര്‍ട് കോഴിക്കോട്) അവതരിപ്പിക്കുന്ന മോഹിനിയാട്ടം ദ്രൗപദി. വൈകീട്ട് 7 മണിക്ക് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ നൃത്താവിഷ്‌കാരം ‘സൂര്യപുത്രന്‍’
മെയ് 7 ന് രാവിലെ 10 മുതല്‍ 1 മണി വരെ വിവിധ വിഷയങ്ങളില്‍ അഗ്‌നി രക്ഷാ സേന, വനം പരിസ്ഥിതി വകുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സെമിനാര്‍. ഉച്ചയ്ക്ക് 2 മണിക്ക് കാര്‍ഷിക സെമിനാര്‍. വൈകീട്ട് 5 ന് സൈബര്‍ സുരക്ഷ സംബന്ധിച്ച് പൊലീസ് വകുപ്പിന്റെ സെമിനാര്‍.
വൈകീട്ട് 6 മണിക്ക് ഓട്ടിസത്തെ സംഗീതം കൊണ്ട് തോല്‍പ്പിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ മര്‍വാന്‍ മുനവ്വര്‍ നയിക്കുന്ന ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ് സംഗീതനിശയും മറ്റ് ഭിന്നശേഷി മേഖലയിലെ പ്രതിഭകളുടെ കലാവിരുന്നും. രാത്രി 8 മണിക്ക് മടിക്കൈ കര്‍ഷക കലാവേദിയുടെ നാടകം അരപ്പട്ട.
മെയ് 8ന് രാവിലെ 11ന് ബഹുഭാഷാ സാഹിത്യസദസ്സ്. ഉച്ചയ്ക്ക് 2.30ന് പ്രവാസി സംഗമവും നടത്തും.വൈകീട്ട് 6 ന് നാടന്‍കലാ സന്ധ്യ നാട്ടരങ്ങ്. ഗോത്രപെരുമ രാവണേശ്വരം അവതരിപ്പിക്കുന്ന മംഗലം കളി , എര്ത് കളി . റെഡ്സ്റ്റാര്‍ ഒഴിഞ്ഞ വളപ്പ് അവതരിപ്പിക്കുന്ന അലാമികളി. നാട്ടകം ഫോക് തീയേറ്റര്‍ ബീബുംകാല്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ അരങ്ങേറും.
മെയ് 9ന് രാവിലെ 10 മുതല്‍ 1 മണി വരെ വനിതാ ശിശു വികസനം, സാമൂഹിക നീതി വകുപ്പുകള്‍ നേതൃത്വം നല്‍കുന്ന സെമിനാറുകള്‍. വൈകീട്ട് സമാപന സമ്മേളനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
വൈകീട്ട് 6ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയുടെ ‘രാജലക്ഷ്മി ലൈവ്’ മ്യൂസിക് ഷോ. പ്രശസ്ത യുവസംഗീത പ്രതിഭകളായ അര്‍ജുന്‍ ബി കൃഷ്ണ, സംഗീത്, വിഷ്ണുവര്‍ദ്ധന്‍ എന്നിവരും സംഗീതവിരുന്നൊരുക്കും.

 

Advertisement

Advertisement