കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള വ്യാജ പാസ്‌പോര്‍ട്ട് കേസ്: വയനാട് ക്രൈംബ്രാഞ്ച് തുടരന്വേഷണം ഊര്‍ജ്ജിതമാക്കി
കാസര്‍കോട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 2007 മുതല്‍ 2010 വരെ നടന്ന 100ലധികം വ്യാജപാസ്‌പോര്‍ട്ട് കേസുകള്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനുള്ള കേസുകളില്‍ 54 ഓളം കേസുകള്‍ വയനാട് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി വരികയാണ്.
മൂന്ന് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യ വിഭാഗം അന്വേഷണം നടത്തുന്ന 15 കേസുകളില്‍ 7 കേസുകളിലായി ഒമ്പതോളം വ്യാജപാസ്‌പോര്‍ട്ട് അപേക്ഷകരുടെ യഥാര്‍ത്ഥ അഡ്രസ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. വ്യാജ രേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ടുകള്‍ സ്വന്തമാക്കിയ കേസുകള്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കേസ് ഐ.എസ്.ഐ.ടി കോഴിക്കോടും പിന്നീട് കാസര്‍കോട് ക്രൈംബ്രാഞ്ച് യൂണിറ്റും അന്വേഷണം നടത്തി ചില കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു.
കേസിലെ പ്രതികള്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസറുടെ പേരില്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹെഡ്മാസ്റ്ററുടെ പേരില്‍ സ്‌കൂള്‍ അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസറുടെ പേരില്‍ റേഷന്‍ കാര്‍ഡ് എന്നിവ വ്യാജമായി നിര്‍മ്മിച്ചാണ് വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തയ്യാറാക്കി കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടും ട്രാവല്‍ ഏജന്‍സികള്‍ വഴിയും സമര്‍പ്പിച്ച് പാസ്‌പോര്‍ട്ടുകള്‍ സ്വന്തമാക്കിയത്.
മിക്ക വ്യാജ പാസ്‌പോര്‍ട്ടുകളും അനുവദിച്ച ശേഷമാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോട്ടോയില്‍ കാണുന്ന പ്രതികളെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവര്‍ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 9497987301, 9497965005, 9497964997.