മകളുടെ വിവാഹ ദിവസം പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
മംഗളൂരു: കാസര്‍കോട് സ്വദേശിയായ യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിനുള്ള ഒരുക്കത്തിനിടെ മംഗളൂരു സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മംഗളൂരു കൊണാജെ ബോളിയാര്‍ കുച്ചഗുഡ്ഡെയിലെ ഹസനബ്ബ (60)യാണ് മരിച്ചത്. ഹസനബ്ബയുടെ മകളും കാസര്‍കോട് സ്വദേശിയായ യുവാവും തമ്മിലുള്ള നിക്കാഹ് തിങ്കളാഴ്ച ഹൊസങ്കടിയിലെ ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ നാലുമണിയോടെ ഹസനബ്ബയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു. കൂക്കോട്ട് ജുമാമസ്ജിദ് ട്രഷററായി സേവനമനുഷ്ഠിച്ച ഹസനബ്ബയ്ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. ഓഡിറ്റോറിയത്തിലെ വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി, ഇരു കുടുംബങ്ങളിലെയും മുതിര്‍ന്നവരുമായി കൂടിയാലോചിച്ച ശേഷം വൈകിട്ട് വരന്റെ വസതിയില്‍ ലളിതമായി നിക്കാഹ് ചടങ്ങുകള്‍ നടത്തി.