For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മായാതെയിന്നുമാ കാവ്യസുഗന്ധത്തിന് പന്ത്രണ്ടാണ്ട്

മായാതെയിന്നുമാ കാവ്യസുഗന്ധത്തിന് പന്ത്രണ്ടാണ്ട്

07:39 PM Feb 10, 2022 IST | UD Desk
Advertisement

മലയാളത്തിന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വര്‍ഷം തികയുന്നു. കവി സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍ ഒട്ടേറെ ഗാനങ്ങള്‍ മനസ്സിലേക്കെത്തും. അതിലേത് ആദ്യമെന്നത് ഓരോരുത്തര്‍ക്കുമുള്ള അനുഭവങ്ങളെ വച്ചേ എഴുതാന്‍ കഴിയൂ. ‘സമ്മര്‍ ഇന്‍ ബത്‌ലഹേമി’ ലെ, എത്രയോ ജന്മമായി… എന്നായിരിക്കും ചിലര്‍ ആദ്യം മൂളുക. ‘ഹരിമുരളീരവം…’ കഴിഞ്ഞേ മറ്റേതിലേക്കും ചിലര്‍ പോകുകയുള്ളൂ. രണ്ടാംഭാവത്തിലെ ‘മറന്നിട്ടുമെന്തിനോ….’ എന്ന ഗാനമെങ്ങനെ മറക്കുമെന്നായിരിക്കും മറ്റു ചിലര്‍ ചോദിക്കുക. ‘ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ…’ എന്നു കേള്‍ക്കാതെ ദിവസവും ഉറങ്ങാനാവാത്തവരുണ്ട്. ‘കാര്‍മുകില്‍ വര്‍ണന്റെ…’എന്ന ഭക്തിഗാനത്തോടെ ദിവസം തുടങ്ങുന്ന വേറെ ചിലര്‍. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി പലര്‍ക്കും പലതാണ്. പല ഭാവങ്ങള്‍, പല രാഗങ്ങള്‍…
മലയാള സിനിമാഗാനശാഖയെ പുഴപോലെ ശക്തമായി ഒഴുകാന്‍ സഹായിച്ച എത്രയോ ഗാനരചയിതാക്കള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെക്കാളേറെ ഇപ്പോഴുള്ളവര്‍ പുത്തഞ്ചേരിയെ ഓര്‍ക്കാന്‍ കാരണമെന്തായിരിക്കാം. അദ്ദേഹം എഴുതിയ ഗാനങ്ങള്‍ അത്രയ്ക്കു ശക്തമായിട്ടല്ലേ നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞിരിക്കുക. ഒന്നും ഗഹനമായിരുന്നില്ല പുത്തഞ്ചേരി കവിതകളില്‍. ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്ന വരികള്‍. അവയ്ക്ക് അനുഗൃഹീതരായ സംഗീത സംവിധായകര്‍ നല്ല നല്ല ഈണങ്ങള്‍ നല്‍കി. രവീന്ദ്രന്‍ മാഷും വിദ്യാസാഗറും എം.എം. ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയെ അനശ്വരനാക്കി നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ്. വിദ്യാസാഗറും പുത്തഞ്ചേരിയും ഒന്നിച്ച സമ്മര്‍ ഇന്‍ ബത്ലഹേമിലെ ‘ഒരു രാത്രി കൂടി വിടവാങ്ങവേ….’, ‘എത്രയോ ജന്മമായ്…’എന്നിങ്ങനെയുള്ള രണ്ടു ഗാനങ്ങള്‍. അതേപോലെ പ്രണയവര്‍ണങ്ങളിലെ ‘കണ്ണാടിക്കൂടും കൂട്ടി…’, മീശമാധവനിലെ ‘കരിമിഴിക്കുരുവിയെ…’ എന്നിവയെല്ലാം നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിലാണു പതിഞ്ഞിരിക്കുന്നത്. രവീന്ദ്രന്‍ മാസ്റ്ററെ പറയുമ്പോള്‍ ആറാം തമ്പുരാനിലെ ‘ഹരിമുരളീരവവും..’ പാടി തൊടിയിലാരോ…’ എന്നീ ഗാനങ്ങളായിരിക്കും ആദ്യം ഓര്‍ക്കുക. കന്മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..’ ‘മൂവന്തിത്താഴ്വരയില്‍…’
എന്നിവ തൊട്ടുപിന്നാലെയെത്തും. എം.ജി. രാധാകൃഷ്ണനോടൊപ്പം ചേര്‍ന്ന് അനശ്വരമാക്കിയതാണ്. ദേവാസുരത്തിലെ ‘സൂര്യകിരീടം…’ എന്നുതുടങ്ങുന്ന ഗാനം. ഈ ഗാനം കേട്ട് മനസ്സ് ആര്‍ദ്രമാകാത്ത ആരാണുള്ളത്. രണ്ടു ശോകഗാനമാണ് എം. ജയചന്ദ്രന്റെ പേരുപറയുമ്പോള്‍ ഓര്‍ക്കുക. ബാലേട്ടനിലെ ‘ഇന്നലെ എന്റെ നെഞ്ചിലേ..’, മാടമ്പിയിലെ ”അമ്മ മഴക്കാറ്..’ എന്നിവ.
ഏകദേശം 2500 ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്. ഇനിയുമേറെ എഴുതാനുണ്ടായിരുന്നു ആ കവിക്ക്. പക്ഷേ, കാലം ചിലതെല്ലാം പെട്ടെന്ന് കൊണ്ടുപോകുമെന്നല്ലേ. ഗാനങ്ങള്‍ക്കു പുറമേ മലയാളി ഇഷ്ടപ്പെട്ട കുറച്ചു സിനിമകള്‍ക്കു കഥയും അദ്ദേഹം എഴുതി. മേലേപ്പറമ്പില്‍ ആണ്‍വീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം കഥയെഴുതിയത്. വടക്കുംനാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, ബ്രഹ്‌മരക്ഷസ് എന്നിവയ്ക്കു തിരക്കഥയുമെഴുതി. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പുത്തഞ്ചേരി സുഹൃത്തുക്കളോടൊക്കെ പങ്കുവെക്കുമായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വടക്കുംനാഥന്‍. എന്നാല്‍ അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത് ഷാജൂണ്‍ കാര്യാലിനായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പലതവണ പുത്തഞ്ചേരി പറഞ്ഞിട്ടുണ്ടായിരുന്നു. ആ മോഹം സഫലമാകുന്നതിനു മുന്‍പേ അദ്ദേഹം പേന താഴെ വച്ചു. പക്ഷേ, പുത്തഞ്ചേരിയുടെ ഒരു ഗാനമെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയുമോ? ‘സൂര്യകിരീടമോ.. ഹരിമുരളീരവമോ…, പിന്നെയും പിന്നെയുമോ.. പാടാത്തൊരാള്‍ മലയാളിയാണെന്നു പറയുമോ? ഫെബ്രുവരി പത്തുകള്‍ ഇനിയും വരും. അതൊന്നുമോര്‍ക്കാതെ മലയാളി പുത്തഞ്ചേരിയുടെ വരികള്‍ പാടിക്കൊണ്ടിരിക്കും..
മലയാള ഗാനരചന ശൃംഖലയെ അനാഥമാക്കിയാണ് ഗിരീഷ് പുത്തഞ്ചേരി 2010 ഫെബ്രുവരി 10 നാണ് രചന നിര്‍ത്തി മറ്റൊരു ലോകത്തേക്ക് പോയത്. 1989-ല്‍ പുറത്തിറങ്ങിയ എന്‍ക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതികൊണ്ടാണ് മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് കാല്‍വെക്കുന്നത്. മികച്ചഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവില്‍ ഏറ്റവുമധികം ഗാനങ്ങള്‍ മലയാളസിനിമയില്‍ രചിച്ച ബഹുമുഖ പ്രതിഭയെന്നപേരിലും അദ്ദേഹമറിയപ്പെട്ടു.

 

Advertisement

Advertisement