For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇബ്രാഹിമിന് ആന്ധ്രയില്‍ സ്വന്തമായി കഞ്ചാവ് തോട്ടം  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനി

ഇബ്രാഹിമിന് ആന്ധ്രയില്‍ സ്വന്തമായി കഞ്ചാവ് തോട്ടം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനി

07:44 PM May 17, 2023 IST | Utharadesam
Advertisement

കണ്ണൂര്‍: മയക്ക്മരുന്ന് റാക്കറ്റിലെ സംഘത്തലവനായ കാസര്‍കോട് ദേലംപാടി വല്‍ത്താജെ വീട്ടില്‍ ഇബ്രാഹിമിന് (42) സ്വന്തമായി കഞ്ചാവ് കൃഷിയുള്ളതായും കണ്ടെത്തി. ആന്ധ്രയില്‍ ആറ് ഏക്കറോളം ഭൂമി പാട്ടത്തിന് എടുത്താണ് ഇബ്രാഹിം കഞ്ചാവ് കൃഷി നടത്തിയത്. ഈ തോട്ടത്തില്‍ നിന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഇബ്രാഹിം കഞ്ചാവ് എത്തിക്കുന്നത്. ടണ്‍ കണക്കിന് കഞ്ചാവ് ഇബ്രാഹിം വഴി കേരളത്തിലേക്ക് എത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇബ്രാഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ എടചൊവ്വയില്‍ 2022 ആഗസ്റ്റ് 31ന് 61 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് ഇബ്രാഹിമിലെത്തിയത്. അന്ന് കണ്ണൂരില്‍ 100 കിലോ കഞ്ചാവാണ് കൊണ്ടുവന്നത്. എടച്ചൊവ്വയിലെ ഷാഗിലിന്റെ വീട്ടിലെത്തിച്ച കഞ്ചാവ് വിവിധ കേന്ദ്രങ്ങളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകാനുള്ള നീക്കം അറിഞ്ഞ് എ.സി.പി ടി.കെ രക്താകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹനന്‍ നടത്തിയ റെയ്ഡില്‍ ഉളിക്കല്‍ സ്വദേശിയായ റോയ് ജോണ്‍ അടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് സംഘത്തലവനെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂരില്‍ സിറ്റി ലൈറ്റ് എന്ന ഹോട്ടലിന്റെ ലൈസന്‍സിയാണ് ഇബ്രാഹിം. കുറേക്കാലം ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീട് ഇത് മറ്റൊരാള്‍ക്ക് കൈമാറി. ഇതിനുശേഷമാണ് ആന്ധ്രയിലേക്ക് താവളം മാറ്റിയത്. ഇവിടെ റിസോര്‍ട്ടും സ്വന്തമായുണ്ട്. തെലുങ്കാന അതിര്‍ത്തിയില്‍ ആന്ധ്രപ്രദേശിലെ ഗ്രാമപ്രദേശത്ത് ആദിവാസികള്‍ക്ക് പണം നല്‍കി ഭൂമി സംഘടിപ്പിച്ചാണ് കഞ്ചാവ് കൃഷി തുടങ്ങിയത്. സ്വന്തം തോട്ടമായതിനാല്‍ കഞ്ചാവിന്റെ വില നിര്‍ണയമടക്കം നടത്തി ഈ മേഖലയിലെ രാജാവായി ഇബ്രാഹിം.
സ്വന്തമായി നിരവധി വാഹനങ്ങളുമുണ്ട്. പ്രധാനമായും കഞ്ചാവ് കടത്തിന് ഉപയോഗിച്ചത് ബൊലേറോ ആയിരുന്നു. ഇതില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചത്. ഈ വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Advertisement
Advertisement