For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

01:37 PM Apr 24, 2023 IST | Utharadesam
Advertisement

കണ്ണൂര്‍: ജെമിനി, ജംബോ സര്‍ക്കസ് കമ്പനികളുടെ സ്ഥാപകനും ഇന്ത്യന്‍ സര്‍ക്കസ് രംഗത്തെ കുലപതിയുമായ എം.വി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ (99) അന്തരിച്ചു. തലശ്ശേരി കൊളശ്ശേരി സ്വദേശിയാണ്. കണ്ണൂര്‍ വാരത്ത് ശങ്കര്‍ ഭവനിലായിരുന്നു താമസം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായംകൂടിയ സര്‍ക്കസ് കലാകാരനും സ്ഥാപകനുമാണ്.
ജംബോ, ജെമിനി സര്‍ക്കസ് സ്ഥാപകനാണ്. ജെമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളടക്കം അഞ്ച് സര്‍ക്കസ് കമ്പനികളുടെ ഉടമയായിരുന്നു.
ഇന്ത്യന്‍ സര്‍ക്കസിനെ ലോക ശ്രദ്ധയില്‍ കൊണ്ടു വന്നവരില്‍ പ്രമുഖനായിരുന്നു ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍. 1951ല്‍ ആണ് ജെമിനി ശങ്കരന്‍ സൂറത്തിനടുത് ബില്ലിമോറിയില്‍ ജെമിനി സര്‍ക്കസ് തുടങ്ങിയത്. പിന്നീട് 1977ല്‍ ജംബോ സര്‍ക്കസും തുടങ്ങി.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട്. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസ് രംഗത്ത് സജീവമായി. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങിയത്.
മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് അദ്ദേഹത്തിന്റെ പ്രയത്‌നഫലമായാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പുറമെ ലോക നേതാക്കളായ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്, മൗണ്ട് ബാറ്റണ്‍ തുടങ്ങിയ പ്രമുഖരുമായി സൗഹൃദത്തിലായിരുന്നു.
ഭാര്യ: പരേതയായ ശോഭന. മക്കള്‍: അജയ്, അശോക് ശങ്കര്‍, രേണു.

Advertisement
Advertisement