For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
158 പേരുടെ മരണത്തിനിടയാക്കിയ മംഗളൂരു വിമാനദുരന്തം സംഭവിച്ചിട്ട് 13 വര്‍ഷം തികഞ്ഞു

158 പേരുടെ മരണത്തിനിടയാക്കിയ മംഗളൂരു വിമാനദുരന്തം സംഭവിച്ചിട്ട് 13 വര്‍ഷം തികഞ്ഞു

06:23 PM May 22, 2023 IST | Utharadesam
Advertisement

മംഗളൂരു: മലയാളികള്‍ അടക്കം 158 പേരുടെ മരണത്തിനിടയാക്കിയ മംഗളൂരു വിമാനദുരന്തം സംഭവിച്ചിട്ട് തിങ്കളാഴ്ച 13 വര്‍ഷം തികഞ്ഞു. 2010 മെയ് 22നാണ് മംഗളൂരു വിമാനത്താവളത്തില്‍ രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. അപകടത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 158 പേര്‍ മരിച്ചപ്പോള്‍ എട്ട് പേര്‍ മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മരിച്ച 52 മലയാളികളില്‍ ഭൂരിഭാഗവും കാസര്‍കോട് സ്വദേശികളായിരുന്നു.
പല യാത്രക്കാരുടെയും മൃതദേഹങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കുളൂരിലെ ഫാല്‍ഗുനി നദിയുടെ തീരത്താണ് ഇത്തരം മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. മരണപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരു പാര്‍ക്ക് അതേ സ്ഥലത്ത് നിര്‍മ്മിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ ഭരണകൂടം മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ എം.ആര്‍ രവികുമാര്‍ പങ്കെടുത്തു.
വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഒരു സ്മാരകം നിര്‍മ്മിച്ചിട്ടുണ്ടെന്നും ഓരോ വര്‍ഷവും അവരെ ഇവിടെ അനുസ്മരിക്കുന്നുവെന്നും ഡിസി പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയെ നേരിടാനുള്ള കരുത്ത് കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
2010 മെയ് 22ന് രാവിലെ 6.20ന് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു ബജ്‌പെയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി ആഴത്തിലേക്ക് പതിക്കുകയും വിമാനത്തിന് തീപിടിക്കുകയും ചെയ്തു.
158 പേരും വെന്തുമരിക്കുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ 147 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇവരില്‍ പരമാവധി 7.7 കോടി രൂപ ആനുകൂല്യം ലഭിച്ച കുടുംബങ്ങളുമുണ്ട്. എന്നാല്‍ നഷ്ടപരിഹാരത്തുക സംബന്ധിച്ച് പല കുടുംബങ്ങളും എതിര്‍പ്പ് ഉന്നയിച്ചു. 45ഓളം കുടുംബങ്ങള്‍ ഇതേ വിഷയത്തില്‍ ഇപ്പോഴും നിയമപോരാട്ടത്തിലാണ്. ഇതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഏറ്റെടുക്കുകയും ചെയ്തു.

Advertisement
Advertisement