For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കല്ല്യോട്ടെ ഇരട്ടക്കൊല  സി കെ  ശ്രീധരന്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

കല്ല്യോട്ടെ ഇരട്ടക്കൊല: സി.കെ. ശ്രീധരന്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

02:33 PM Dec 17, 2022 IST | Utharadesam
Advertisement

കാഞ്ഞങ്ങാട്: കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ കൊലക്കേസിലെ പ്രതികള്‍ക്ക് വേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് സി.കെ ശ്രീധരന്‍ ഹാജരായതിന് പിന്നാലെ സംഭവത്തില്‍ സി.കെ ശ്രീധരന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ കുടുംബം.
കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളായ സത്യനാരായണന്‍, കൃഷ്ണന്‍ എന്നിവരാണ് സി.കെ ശ്രീധരനെതിരെ രംഗത്തു വന്നത്. ഗൂഢാലോചനയില്‍ സി.കെ ശ്രീധരന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും ഇരുവരും പറഞ്ഞു. തങ്ങളുടെ മക്കളെ കൊലപ്പെടുത്തിയ വേളകളില്‍ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ വന്നിരുന്ന സി.കെ ശ്രീധരന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് നീചമായ പ്രവര്‍ത്തിയാണെന്ന് സത്യനാ രായണന്‍ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ എല്ലാ ഫയലുകളും അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം എറണാകുളത്ത് എത്തിയപ്പോള്‍ സംഭവം തലകീഴായി മറിയുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ശ്രീധരന് തീരെ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
തുടര്‍ന്നാണ് കേസ് അഡ്വ. ടി. ആസഫലി ഏറ്റെടുത്തത്. കേസ് അട്ടിമറിക്കാന്‍ മുന്‍കൂട്ടി ധാരണയായതിന്റെ തെളിവാണ് പ്രതികള്‍ക്ക് വേണ്ടി ഇപ്പോള്‍ ഹാജരായത് സൂചിപ്പിക്കുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് താല്‍പര്യക്കുറവ് തോന്നിയപ്പോള്‍ തന്നെയാണ് ആസഫലിയെ കേസ് ഏല്‍പ്പിച്ചതെന്നും കൃഷ്ണനും സത്യനാരായണനും പറഞ്ഞു.
ഇത് നീചമായ പ്രവര്‍ത്തിയാണെന്ന് ഇരുവരും പറഞ്ഞു. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ എറണാകുളം സി.ബി.ഐ കോടതി (രണ്ട്)യിലാണ് അദ്ദേഹം ഹാജരായത്.
മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ എന്നിവരെ ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് ശ്രീധരന്‍ ഹാജരാകുന്നത്. സി.കെ ശ്രീധരന്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടുത്ത പോസ്റ്റുകളും വ്യാപകമായിട്ടുണ്ട്.

Advertisement

Advertisement