1000 ദിവസം പൂര്‍ത്തിയാക്കി ഖാസി സമരം: 29ന് പ്രക്ഷോഭ പരിപാടിയുമായി സമസ്ത ജില്ലാ മുശാവറ, ജസ്റ്റിസ് കമാല്‍ പാഷ സംബന്ധിക്കും
കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലെ മരണം സംബന്ധിച്ച് ഉന്നത സി.ബി.ഐ സംഘത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും വര്‍ഷങ്ങളായി നടത്തി വരുന്ന അനിശ്ചിതകാല പ്രക്ഷോഭം 1000 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഈ മാസം 29ന് സമസ്ത ജില്ലാ മുശാവറയുടെ നിര്‍ദ്ദേശപ്രകാരം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ചെമ്പരിക്കയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. പരിപാടി വന്‍വിജയമാക്കാന്‍ നീതിയിലും മനുഷ്യാവകാശത്തിലും താല്‍പ്പര്യമുള്ള എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ മുശാവറ യോഗം ആഹ്വാനം ചെയ്തു. വൈസ് പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലമ്പാടി സ്വാഗതം പറഞ്ഞു. വര്‍ക്കിങ്ങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര മുശാവറ അംഗം കെ.കെ മാഹിന്‍ മുസ്‌ലിയാര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, പി.എസ് ഇബ്രാഹിം ഫൈസി, ഇ. അബ്ബാസ് ഫൈസി, സി.എം ബീരാന്‍ ഫൈസി, ബഷീര്‍ ദാരിമി, താജുദ്ദീന്‍ ദാരിമി, അബ്ദുല്‍ മജീദ് ദാരിമി, ടി.എച്ച് അബ്ദുല്‍ ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.