For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊല  അന്വേഷണം കേരളത്തിലേക്ക്  എസ് ഡി പി ഐ   പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊല: അന്വേഷണം കേരളത്തിലേക്ക്; എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

05:07 PM Jul 28, 2022 IST | UD Desk
Advertisement

സുള്ള്യ: ബെള്ളാരെയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ (31)വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. അതിനിടെ പ്രതികളെ കണ്ടെത്തുന്നതിനായി കര്‍ണാടക പൊലീസ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നതിന് മംഗളൂരു എസ്.പി കാസര്‍കോട് പൊലീസിന്റെ സഹായം തേടി.
പ്രതികളെ പിടികൂടുന്നതിനായി കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം കാസര്‍കോട് അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അന്വേഷണത്തിനായി എത്തും. കൊലപാതകത്തിന് സഹായം നല്‍കിയതായി സംശയിക്കുന്ന ഏതാനും പേരെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രവീണ്‍കുമാര്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ ഇന്നത്തെ വാര്‍ഷികാഘോഷചടങ്ങുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, പ്രവീണിന്റെ കൊലപാതകത്തില്‍ ബി.ജെ. പിയുവമോര്‍ച്ച പ്രവര്‍ത്തകര്‍ രോഷാകുലരാണ്. പ്രതിഷേധക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, കഡബ, പുത്തൂര്‍ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ ചൊവ്വാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്. ബെള്ളാരെയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് സംഘം എത്തിയിരുന്നത്. പ്രതികള്‍ മലയാളികളാണെന്നും കൊലയ്ക്ക് ശേഷം ഇവര്‍ കേരളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക പൊലീസ് പറയുന്നു.പ്രവീണിന്റെ കൊലക്ക് കാരണം വിവാദ ഫേസ്ബുക്ക് പോസ്റ്റാണെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.

Advertisement
Advertisement