For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വ്യാസന്‍ പറയട്ടെ

വ്യാസന്‍ പറയട്ടെ

03:24 PM May 24, 2023 IST | Utharadesam
Advertisement

‘അയ്യോ ഓടിവരണേ! രക്ഷിക്കണേ… കൊച്ചു തമ്പുരാട്ടിയെ ആരോ തട്ടിക്കൊണ്ടു പോകുന്നേ…ഓടിവരണേ…’
ക്ഷേത്രത്തില്‍ തൊഴാന്‍ പോയ രാജകുമാരിയെ ആരോ തട്ടിക്കൊണ്ടുപോയി. രാജകുമാരിയെ അകമ്പടി സേവിച്ച തോഴിമാരാണ് വിളിച്ചുകൂവുന്നത്. അടുത്ത ദിവസം രാജകുമാരിയുടെ വിവാഹമാണ്. പ്രതിശ്രുത വധുവിനെയാണ് തട്ടിക്കൊണ്ടുപോയത്. സൈന്യം തേടിപ്പുറപ്പെട്ടു. മഹാരാജ്യവും രാജ്ഞിയും അങ്കലാപ്പിലായി. വിവാഹം മുടങ്ങുമല്ലോ. വരന്റെ വീട്ടുകാരോട് എന്തു പറയും?
ആരോ കുശുകുശുത്തു: ‘തട്ടിക്കൊണ്ടു പോയതോ, നേരത്തെ ഒത്താശ ചെയ്ത് സ്വയം ഓടിപ്പോയതോ?’
രാജകുമാരി ക്ഷേത്രത്തിലേക്ക് പോകും എന്ന് നേരത്തെ മനസ്സിലാക്കി തേരുമായി വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നില്ലേ? വിവാഹത്തലേന്ന് രഹസ്യകാമുകന്റെ കൂടി ഓടിപ്പോവുക!
ഇന്നലെയോ, മിനിഞ്ഞാന്നോ നടന്ന സംഭവമല്ല. അടുത്ത കാലത്തായി ദൈനംദിന വാര്‍ത്തയാണല്ലോ യുവതികളെ തട്ടിക്കൊണ്ടുപോകലും ഓടിപ്പോകലും മറ്റും. ഇവിടെ പറഞ്ഞത് അടുത്ത കാലത്ത് നടന്നതല്ല. പണ്ട് പണ്ട്, ദ്വാപരയുഗത്തില്‍ നടന്നതാണ്. ഇത് കലിയുഗം. ദ്വാപരയുഗം കഴിഞ്ഞ് കലിയുഗം പിറന്നിട്ട് 5124 കൊല്ലമായി. കഥ തുടരുന്നു.
ദ്വാപരയുഗത്തില്‍ നടന്നത് ഒളിച്ചോട്ടമായിരുന്നു. വിദര്‍ഭരാജ്യത്തെ ‘ഭീഷ്മക’ രാജാവിന്റെ മകള്‍ രുക്മിണിക്ക് വസുദേവ പുത്രനായ കൃഷ്ണനോട് അനുരാഗം. രുഗ്മിണി കൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞു കേട്ടതേയുള്ളു. രുക്മിണിക്ക് അഞ്ച് സഹോദരന്മാര്‍. ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തു കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. വിവരമറിഞ്ഞ രുഗ്മിണി കൃഷ്ണന് രഹസ്യക്കത്തയച്ചു. അതു പ്രകാരം ക്ഷേത്രത്തിലേക്ക് പോകും വഴി കൃഷ്ണന്‍ രുക്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോയി. രുക്മി സഹോദരിയെ തേടി പിന്നാലെ പോയെങ്കിലും ഫലമുണ്ടായില്ല. നാണം കെട്ട് പിന്തിരിയേണ്ടി വന്നു. മഹാഭാരതത്തിലും ഭാഗവതത്തിലും പറഞ്ഞിട്ടുള്ള കഥ. ‘ഈ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള പലതും മറ്റ് പലേടത്തും കണ്ടു എന്ന് വരും. എന്നാല്‍, ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തു കാണുകയില്ല.’ തന്റെ ഗ്രന്ഥത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യാസമഹര്‍ഷി അവകാശ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അത് അക്ഷരംപ്രതി ശരി വെക്കുന്ന സംഭവങ്ങളാണ് ഇപ്പോഴും പലേടത്തും നടക്കുന്നത്. ഇഷ്ടപ്പെട്ടവരോടൊപ്പം ഓടിപ്പോകുന്ന യുവതികള്‍; ഇങ്ങോട്ട് ഇഷ്ടമില്ലാത്ത യുവതികളേയും തട്ടിക്കൊണ്ടുപോകുന്ന യുവാക്കള്‍.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഉഷയുടെ കഥ. സ്വപ്നത്തില്‍ കണ്ട സുന്ദരനെ തോഴിയുടെ സഹായത്തോടെ റാഞ്ചിക്കൊണ്ട് വന്ന് സ്വന്തം ഉറക്കറയിലെത്തിച്ച മിടുക്കി. ശോണിത പുരത്തിലെ ബാണ രാജാവിന്റെ മകളായിരുന്നു ഉഷ. ഒരു സുന്ദരയുവാവിനെ സ്വപ്നം കണ്ടു എന്ന് ഉഷ തോഴിയോട് പറഞ്ഞു. സ്വപ്ന കാമുകന്റെ ഊരും പേരുമറിയില്ല. എങ്കിലും ഇപ്പോള്‍ തന്റെ അടുത്ത് കിട്ടിയേ തീരു എന്ന് നിര്‍ബന്ധം. തോഴി ചിത്രാംഗദ ദിവ്യ ദൃഷ്ടി കൊണ്ട് രാജ്യരാജ്യാന്തരങ്ങളിലെ യുവാക്കളെയെല്ലാം കണ്ടു; അവരുടെ ചിത്രം വരച്ചു. ഉഷ ഓരോന്നായി പരിശോധിച്ചു. ‘ഇതാ, ഇയാള്‍ തന്നെ’. ഒരു ചിത്രം തൊട്ടുകാണിച്ചു. കാമുകനെ ചിത്രത്തില്‍ കണ്ടാല്‍ പോരല്ലോ. ചിത്രാംഗദ തന്റെ മായാശക്തി കൊണ്ട് ആ യുവാവിനെ ആവാഹിച്ച് ഉഷയുടെ ശയനഗൃഹത്തിലേക്ക് ആനയിച്ചു. കൃഷ്ണന്റെ പൗത്രനായ അനിരുദ്ധനായിരുന്നു ഉഷയുടെ മനംകവര്‍ന്ന സുന്ദരന്‍.
രാജകുമാരിയുടെ ഉറക്കറയില്‍ ഒരു അന്യയുവാവ്. രഹസ്യം പുറത്തായി. ബാണരാജാവിന്റെ സൈന്യം അനിരുദ്ധനെ ബന്ധനസ്ഥനാക്കി. ഉഷ പിതാവിനെ ചോദ്യം ചെയ്തു. ‘ഞാന്‍ ഇയാളെ ആളയച്ചുവരുത്തിയതാണ്; കൈയേറാനായി വന്നതല്ല. ആ സ്ഥിതിക്ക് ഇയാളെ ബന്ധനസ്ഥനാക്കിയതെന്തിന്? നാനാതരത്തിലപരാധമൊരാള്‍ക്ക്; ബന്ധസ്ഥാനാപ്തിയന്യന്; ഇതോ ബലിവംശധര്‍മ്മം? ‘(സാക്ഷാല്‍ മഹാബലിയുടെ വംശജാതനാണ് ബാണന്‍)
തുടര്‍ന്ന് എന്തുണ്ടായി എന്ന് ചുരുക്കിപ്പറയാം: തന്റെ പൗത്രന്‍ ബാണന്റെ തടവിലാണ് എന്നറിഞ്ഞ കൃഷ്ണന്‍ സൈന്യവുമായി ചെന്നു. ഘോരയുദ്ധം നടന്നു. ബാണവധം; അനിരുദ്ധ മോചനം, ഉഷാനിരുദ്ധ പരിണയം.
മകള്‍ക്ക്, അല്ലെങ്കില്‍ കൊച്ചുമകള്‍ക്ക് ഒരു യുവാവിനോട് പ്രേമമാണ് എന്നറിഞ്ഞാല്‍ അച്ഛനോ, അപ്പൂപ്പനോ എന്ത് ചെയ്യണം? പ്രണയത്തിന് പ്രതിബന്ധം സൃഷ്ടിക്കരുത്. വ്യാസന്‍ പറയുന്നു.
തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചാല്‍ കേസെടുക്കും. പിടികൂടും; തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ല; താന്‍ തന്നിഷ്ടപ്രകാരം പോയതാണ്; അയാളെ തനിക്ക് ഇഷ്ടമാണ് എന്ന് മൊഴി കൊടുത്താല്‍? പൗരാണിക പാരമ്പര്യവും ആചാരവും പറഞ്ഞ് അതിന് വിപരീതം ചെയ്ത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന വാദമുന്നയിച്ചാലോ? കോടതി അംഗീകരിക്കുമോ?
വ്യാസമഹര്‍ഷി പറയട്ടെ!


-നാരായണന്‍ പേരിയ

Advertisement

Advertisement