For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മനം മയക്കുന്ന കാഴ്ചകളുമായി മാലോം

മനം മയക്കുന്ന കാഴ്ചകളുമായി മാലോം...

03:20 PM Jul 30, 2022 IST | UD Desk
Advertisement

പ്രകൃതിയൊരുക്കിയ അതി മനോഹര കാഴ്ചകളാണ് മാലോം നമ്മുക്ക് സമ്മാനിക്കുന്നത്. പ്രകൃതിയുടെ മനോഹാരിത വാക്കുകളില്‍ വിവരിക്കാനാവാതെ തുളുമ്പി നില്‍ക്കുന്ന ഒരവസ്ഥ മാലോം കാണാന്‍ വന്ന ഓരോ സഞ്ചാരിയുടെയും മനസ്സിലുണ്ടാകും. അത്രയ്ക്കും മനോഹരമാണ് ഓരോ കാഴ്ചകളും. റബ്ബര്‍ തോട്ടങ്ങളും തോടുകളും അരുവികളും മലകളും നിറഞ്ഞ മലയോര മേഖലയിലൂടെയുള്ള സഞ്ചാരം തന്നെ മനസ്സ് കുളിര്‍പ്പിക്കുന്നതാണ്. സാധാരണക്കാരായ, കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളാണ് കൂടുതലും. അവരുടെ ദൈനംദിന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ യാത്രയിലൂടെ മനസ്സിലാക്കാം.
മാലോം ടൗണ്‍ തന്നെ ഏറെ ആകര്‍ഷകമാണ്. ചുറ്റും പച്ചപ്പു നിറഞ്ഞ അന്തരീക്ഷമാണുളളത്. പച്ച വിരിച്ച പുല്‍മേടുകളാല്‍ ഒരോ മലയും യാത്രികരെ സ്വാഗതം ചെയ്യുകയാണ്. പശ്ചിമഘട്ടത്തിനു സമീപം നില്‍ക്കുന്ന കുര്‍ഗുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ കൂര്‍ഗിലെ അതേ കാലാവസ്ഥ ഇവിടെയും അനുഭവപ്പെടുന്നു. അതിനാല്‍ മാലോം കേരളത്തിന്റെ കൂര്‍ഗ് എന്നറിയപ്പെടുന്നു.
മാലോം എന്ന വാക്കിന്റെ അര്‍ത്ഥം മലകളുടെ ലോകം എന്നാണ്. പ്രകൃതിയുടെ ഔദാര്യം കനിഞ്ഞിറങ്ങിയ സ്ഥലമെന്നു വിളിക്കുന്നതില്‍ തെറ്റില്ല. കുന്നുകളുടെ പ്രകൃതി ഭംഗി, ഹില്‍ ഹൈവേകളും വ്യൂ പോയിന്റുകളും തീര്‍ത്ത ദൃശ്യചാരുത, പക്ഷികളും പറവകളും മൃഗങ്ങളും വസിക്കുന്ന വന്യ ജീവി സങ്കേതം, മലമുകളില്‍ നിന്നുല്‍ഭവിച്ചൊഴുകി വരുന്ന വെള്ളച്ചാട്ടങ്ങളും അരുവികളും തോടുകളും യാത്രയില്‍ സുഖം പകരുന്ന അനുഭവങ്ങളാണ്. പച്ചപ്പ് നിറഞ്ഞ ഉഷ്ണമേഖലാ ഹരിത വനങ്ങള്‍, വൈവിധ്യമാര്‍ന്ന വന്യജീവികളായ മയില്‍, മലബാര്‍ വേഴാമ്പല്‍, കാട്ടുപന്നി, പറക്കുന്ന അണ്ണാന്‍, കുരങ്ങ്, മുള്ളന്‍പന്നി, പെരുപ്പാമ്പ്, രാജവെമ്പാല തുടങ്ങിയവയെ വന്യജീവി സങ്കേതത്തില്‍ കണ്ടേക്കാം. ഇടുക്കിയും മൂന്നാറും പോലെ തോന്നിപ്പിക്കുന്ന ഹൈറേഞ്ച് മാലോമിന് സ്വന്തമാണ്. പ്രഭാത, സായാഹ്ന കാഴ്ചകള്‍ക്ക് സൂര്യന്‍ നിറം പകരുന്നു. ജൈവ പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്പെട്ട മാലോം ട്രക്കിങ്ങിനും സാഹസിക സവാരിക്കും അനുയോജ്യമാണ്. കാട്ടുപൂക്കളും വളളിച്ചെടികളും നിബിഡവനവുമായി ഹരിതാഭ പടര്‍ത്തി നില്‍ക്കുകയാണ് മാലോം. മരുതം തട്ട്, തൂങ്ങന്‍പ്പാറ, കാരക്കുന്ന്, അടോട്ട് കയ തുടങ്ങിയ സമീപ സ്ഥലങ്ങളിലെ കുന്നുകള്‍ നല്ലൊരു കാഴ്ച പകര്‍ത്താനുള്ള വ്യൂ പോയിന്റും ട്രക്കിങ്ങിനു അനുയോജ്യമായ സ്ഥലങ്ങളുമാണ്. തേന്‍വരിക്കല്ല്, ചുള്ളിത്തട്ട് എന്നിവ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ്.
പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ മാലോം കൂലോത്ത് മാലോത്തിന്റെ സവിശേഷമായ സംസ്‌ക്കാരിക പാരമ്പര്യം വിളിച്ചോതുന്നു.
പ്രകൃതിയെ തൊട്ടറിഞ്ഞ് പ്രകൃതിയിലൂടെ നടന്ന് പ്രകൃതിയെ ആസ്വദിക്കുന്നതിലൂടെ പ്രകൃതിയെപ്പോലെ സഞ്ചാരിയും ശാന്തമായി ഏകാന്തതയില്‍ ലയിക്കുകയാണ്.

-രാജന്‍ മുനിയൂര്‍

Advertisement

Advertisement