For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മേഘജ്യോതിസ്സുപോലെ പ്രിയപ്പെട്ട ബിജുവും

മേഘജ്യോതിസ്സുപോലെ പ്രിയപ്പെട്ട ബിജുവും...

02:51 PM Mar 17, 2023 IST | Utharadesam
Advertisement

പ്രിയപ്പെട്ട ബിജു, നീയും…
തന്റെ കൊച്ചനുജനാകാനുള്ള പ്രായമേ നിനക്കുള്ളു. നീ ചിലപ്പോള്‍ എന്നെ ‘നാരായണേട്ടാ’ എന്ന് വിളിച്ചിട്ടുള്ളത് ഓര്‍ക്കുന്നു. മാഷെ എന്നാണ് വിളിക്കാറുള്ളത്. കാഞ്ഞങ്ങാട് കിഴക്കും കരയിലാണ് ബിജു ജനിച്ചുവളര്‍ന്നത് എന്നറിയാം; പള്ളോട്ട് വയല്‍ഭാഗത്താണ് അടുത്ത കാലത്ത് താമസിക്കുന്നത് എന്നും. പെരിയ ഗവ. ഹൈസ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തത് ബിജുവിന്റെ ക്ഷണമനുസരിച്ചായിരുന്നു. കൂടുതല്‍ അടുത്തത് ‘ഉത്തരദേശം’ വഴിക്കാണ്. പത്രം ഓഫീസില്‍ ‘നിത്യ’നായിരുന്നു ഒരു കാലത്ത് ഞാന്‍. വാരാന്ത്യപ്പതിപ്പിലേക്കായി തിരഞ്ഞെടുക്കുന്ന സാഹിത്യ സൃഷ്ടികളെ തന്റെ ‘വരപ്രസാദം’ കൊണ്ട് ശ്രദ്ധേയവും ആകര്‍ഷകവുമാക്കാന്‍ വേണ്ടിയാണ് ബിജു വരുന്നത്. അഹ്മദ് മാഷ് ഏല്‍പ്പിച്ച ജോലി. ബിജുവിന്റെ കരലാളനമേല്‍ക്കുന്നതോടെ കഥകളും കവിതകളും ദൃശ്യമനോഹാരിത ആര്‍ജ്ജിക്കും. രചനകളിലേക്ക് ഒരൊറ്റ നോട്ടം മതി, ബിജുവിന്റെ പേന ചലിക്കാന്‍. വരക്കുന്നതിനിടയില്‍ കുശലപ്രശ്‌നങ്ങളും നടക്കും. ഏകാഗ്രതയൊന്നും ഒരു പ്രശ്‌നമേയല്ല.
കവിയും നിരൂപകനുമെന്ന നിലയില്‍ ബിജുവിന്റെ സംഭാവനകള്‍-എത്രയെത്ര പുരസ്‌കാരങ്ങളാണ് ബിജുവിനെ തേടിയെത്തിയിട്ടുള്ളത്. സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനീധീകരിച്ചത് 2005ല്‍. പതിനെട്ട് കൊല്ലം മുമ്പ്. മുപ്പത്തിരണ്ടാം വയസ്സില്‍. ബിജു നമ്മുടെ നാട്ടുകാരന്‍; തൊട്ടറിയുന്ന സുഹൃത്ത് എന്ന് പറയുമ്പോള്‍ എന്തൊരഭിമാനം!
പക്ഷെ,
‘കായായിത്തീരാന്‍ തുടങ്ങിയപ്പോള്‍,
പോയല്ലോ, പോയല്ലോ പുഷ്പമേ, നീ!
മഹാകവിയുടെ പ്രയോഗത്തില്‍ ചെറിയൊരു മാറ്റം വരുത്തട്ടേ:
‘കായായിത്തീരാന്‍ തുടങ്ങും മുമ്പെ
പോയല്ലോ, പോയല്ലോ പുഷ്പമേ, നീ!


-നാരായണന്‍ പേരിയ

Advertisement

Advertisement