For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഖാദര്‍ ബങ്കരയെ ഓര്‍ക്കുമ്പോള്‍

ഖാദര്‍ ബങ്കരയെ ഓര്‍ക്കുമ്പോള്‍...

02:14 PM Jan 02, 2023 IST | Utharadesam
Advertisement

പ്രിയപ്പെട്ട ഖാദര്‍ ബങ്കരയും യാത്രയായി. അദ്ദേഹവുമായി എനിക്കും ഞാന്‍ അവസാനം പഠിപ്പിച്ച സ്‌കൂളിനും ഉണ്ടായിരുന്ന അടുത്തബന്ധം അനുസ്മരിച്ചുകൊണ്ട് ഒരു കുറിപ്പെഴുതാന്‍ വൈകിപ്പോയി. എന്നെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള മരവിപ്പിനെക്കുറിച്ച് അറിയുന്ന അദ്ദേഹം എന്നോട് പൊറുക്കും.
ഖാദര്‍ ബങ്കരയുടെ മക്കളുടെ അധ്യാപകന്‍ എന്ന നിലക്കാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം, അക്കാലത്ത് സ്‌കൂളിന്റെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്കായി അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തന്റെ മക്കളുടെ സ്‌കൂളിലെ പി.ടി.എ പ്രസിഡണ്ട് എന്ന ഔപചാരിക നിലക്ക് മാത്രമല്ല, അയല്‍പക്കത്തെ ഒരു വിദ്യാലയത്തിന്റെ ക്ഷേമത്തിനായി ഒരു പൊതുപ്രവര്‍ത്തകന്റെ കടമ എന്ന നിലക്കും
സ്‌കൂളിന്റെ കാര്യം പറയേണ്ട താമസം. അദ്ദേഹം ഇറങ്ങിപ്പുറപ്പെടും. വിദ്യാഭ്യാസ വകുപ്പോഫീസര്‍, കലക്ടര്‍, മന്ത്രി…ആരെയാണ് കാണേണ്ടത്. അദ്ദേഹം മുന്നില്‍ നടക്കും. ഹെഡ്മിസ്ട്രസും രണ്ടുമൂന്ന് അധ്യാപകരും പിന്നാലെയും. അക്കാലത്ത് കുടിവെള്ള ക്ഷാമം വലിയൊരു പ്രശ്‌നമായിരുന്നു സ്‌കൂളില്‍. വാട്ടര്‍ അതോറിറ്റി വക വെള്ളം തുറന്നുവിടുക അര്‍ധരാത്രി; അല്ലെങ്കില്‍ നേരം വെളുക്കാറാവുമ്പോള്‍. അതും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം. വെള്ളം ശേഖരിക്കാനായി ചെറിയൊരു ടാങ്കുണ്ട് കോണിപ്പടിയുടെ ചുവട്ടില്‍. വൈകുന്നേരം സ്‌കൂള്‍ അടക്കുമ്പോള്‍ ടാങ്കിന്റെ ടാപ്പ് അടച്ചിട്ടാല്‍ പിറ്റേന്ന് വെളളം കിട്ടാതാകും. തുറന്നിട്ടാലോ ടാങ്ക് നിറഞ്ഞ് കവിഞ്ഞ് സ്‌കൂള്‍ അങ്കണം വെള്ളക്കെട്ടാകും. ആയിരത്തോളം പെണ്‍കുട്ടികളും നാല്‍പ്പതില്‍പ്പരം അധ്യാപകരുമുണ്ട്. ടാങ്കിലെ വെള്ളം അപര്യാപ്തം. ബദല്‍ സംവിധാനം കൂടിയേ കഴിയു. ഞങ്ങള്‍ കലക്ടറെ കണാന്‍ പുറപ്പെട്ടു. ഞങ്ങളുടെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമായി. കുഴല്‍കിണറും പൈപ്പും മോട്ടോറുമെല്ലാം വൈകാതെ യാഥാര്‍ത്ഥ്യമായി. ഖാദര്‍ ബങ്കര എന്ന പി.ടി.എ പ്രസിഡണ്ട് ഒപ്പം നിന്നത് കൊണ്ട് മാത്രം എല്ലാം സാധ്യമായി.
സ്‌കൂളിന്റെ ജൂബിലിക്കാലമായി. ജൂബിലി സ്മാരകമായി ഒരു സ്റ്റേജും മുകളില്‍ നിന്ന് ക്ലാസ് മുറികളും പണിയണം. പി.ടി.എയുടെ സാമ്പത്തികത്തില്‍. തീരുമാനമെടുത്തു വിദ്യാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനം. ഞങ്ങള്‍ ബങ്കരയുടെ നേതൃത്വത്തില്‍ എന്നും വൈകിട്ട് ഇറങ്ങി. അവധി ദിവസങ്ങളിലും. പുതിയ നിര്‍മ്മാണത്തിലുള്ള ശിലാസ്ഥാപനത്തിന് സ്‌കൂളിന്റെ തുടക്കത്തിതില്‍ മുന്നില്‍ നിന്ന ഉദാരമനസ്‌കരായ വിദ്യാഭ്യാസ പ്രേമികളെയെല്ലാം പങ്കെടുപ്പിക്കണമെന്ന് തീരുമാനിച്ചു. ബങ്കര തന്നെ മുന്നിട്ടിറങ്ങി. സ്‌കൂളിനായി മുനിസിപ്പാലിറ്റി വക എഴുപത്തിരണ്ട് സ്ഥലം വിട്ടുനല്‍കിയ അന്നത്തെ നഗരസഭാ ചെയര്‍മാന്‍ അഡ്വ. രാമണ്ണ റൈ, ആദ്യം ക്ലാസ് നടത്താന്‍ സ്വന്തം മാളിക വീട് വിട്ടു നല്‍കിയ അഡ്വ. ഹമീദലി ഷംനാട് സാഹിബ്, ആദ്യത്തെ പ്രഥമാധ്യാപിക ഐ.കെ നെല്യാട്ട് എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് യഥാവിധി ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ഖാദര്‍ ബങ്കരക്ക്.
പുതിയ സ്റ്റേജില്‍ വെച്ച് ജൂബിലി ആഘോഷം, മൂന്ന് ദിവസത്തെ പരിപാടികള്‍. കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാറില്‍ കെട്ടിവെക്കാനുള്ള തുക 25000 രൂപ സംഭാവനയായി നല്‍കിയ ഉദാരമതിയായ കെ.എസ് അബ്ദുല്ല സാഹിബിനെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ച് സമുചിതമായിആദരിച്ച് കൃതജ്ഞത പ്രകാശിപ്പിക്കുന്നതിലും അഹ്മദ് മാഷും സുലൈമാനും ഞങ്ങള്‍ക്ക് വഴികാട്ടികളായി. ബങ്കരക്കും ചാരിതാര്‍ത്ഥ്യം. (1974ല്‍ 25,000 രൂപ വലിയൊരു തുകയായിരുന്നല്ലോ)
നഗരസഭ വിട്ടുനല്‍കിയ പരിമിതമായ സ്ഥലം പോരല്ലോ. സ്‌കൂള്‍ മതിലിനോട് മുട്ടിച്ചേര്‍ന്ന് കിടക്കുന്ന ആസ്ട്രല്‍ വാച്ച് കമ്പനി പ്രവര്‍ത്തിച്ചിരുന്ന രണ്ടെക്കര്‍ സ്ഥലമുണ്ട്. കമ്പനി അടച്ചുപൂട്ടിയതിനാല്‍ സ്ഥലം വെറുതെ കിടക്കുന്നു. അതും കൂടി വിട്ടുകിട്ടിരുന്നെങ്കില്‍: രാമണ്ണറൈ നിര്‍ദ്ദേശിച്ചത് പ്രകാരം ഞങ്ങള്‍ അപേക്ഷ തയ്യാറാക്കി. മുഖ്യമന്ത്രി ഇ.കെ നയനാര്‍ ഗസ്റ്റ്ഹൗസിലുണ്ട് എന്നറിയിച്ചത് രാമണ്ണറൈ. ബങ്കരയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ചെന്ന് കണ്ട് നിവേദനം നല്‍കി. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഇടങ്കോലിട്ടു. വ്യവസായ വകുപ്പിന് നല്‍കിയ സ്ഥലം വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ പാടില്ലത്രെ.
ഖാദര്‍ ബങ്കര കുറേ ശ്രമിച്ചെങ്കിലും നിരാശപ്പെടേണ്ടി വന്നു. ഇപ്പോഴിതാ, അവിടെ വന്‍ വ്യവസായ സമുച്ചയം വരാന്‍ പോകുന്നു! അതെങ്കിലും വര ട്ടെ.
ഖാദര്‍ ബങ്കരക്ക് ആദരാഞ്ജലി…

നാരായണന്‍ പേരിയ

Advertisement

Advertisement