For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
നോമ്പിന്റെ നിര്‍വൃതിയില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്  ബിജു

നോമ്പിന്റെ നിര്‍വൃതിയില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്. ബിജു

03:39 PM May 02, 2022 IST | UD Desk
Advertisement

കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ് ബിജുവിന് നോമ്പുകാലം പരിശീലന കാലമാണ്. ശരീരത്തേയും മനസ്സിനെയും നിയന്ത്രിച്ച് സ്വയം നവീകരിക്കാനുള്ള അവസരം. അത് കൊണ്ട് തന്നെ ഓരോ വര്‍ഷം കൂടുന്തോറും എടുക്കുന്ന നോമ്പുകളുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
2016ലാണ് വ്രതമനുഷ്ഠിക്കാനുള്ള അവസരം ഒത്തുവന്നത്. ആരുടെയും പ്രേരണയിലല്ല. മറിച്ച് നോമ്പ് നോല്‍ക്കുന്ന സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പുലര്‍ത്തുന്ന സൂക്ഷ്മത നേരിട്ടനുഭവിക്കണമെന്ന ആഗ്രഹമായിരുന്നു ആദ്യ നോമ്പിന് പിന്നില്‍. അത്താഴമൊന്നും കഴിച്ചില്ലെങ്കിലും പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് നോമ്പിനോട് ഐക്യം കൊണ്ടു. പിറ്റേവര്‍ഷം മുടങ്ങിയെങ്കിലും 2018 മുതല്‍ വീണ്ടും ജീവിതത്തില്‍ പകര്‍ത്തി. 2019ല്‍ ആദ്യ തവണ നഗരസഭാ സെക്രട്ടറിയായി കാസര്‍കോട്ടെത്തിയപ്പോള്‍ നോമ്പിനെ ഗൗരവത്തോടെ കാണാന്‍ കഴിഞ്ഞു. വിശപ്പിനെ നിയന്ത്രണത്തിലാക്കിയാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. നമ്മുടെ പെരുമാറ്റത്തില്‍ തന്നെ ഇത് പ്രകടമാവും. അനാവശ്യ ചിന്തകളോ അകാരണമായി ദേഷ്യപ്പെടലോ ഒന്നുമുണ്ടാവില്ല. ജനങ്ങളുമായി വളരെ സൗമ്യമായി ഇടപെടാന്‍ കഴിയും. പാവപ്പെട്ടവന്റെ ദുരിതം മനസ്സിലാക്കാനും അവര്‍ക്ക് സഹായമെത്തിക്കാനും നോമ്പുകാലം നമുക്ക് അവസരമൊരുക്കും.
കാസര്‍കോട്ടെത്തിയപ്പോഴാണ് അത്താഴം കഴിച്ചും മഗ്‌രിബ് ബാങ്ക് വരെ ഭക്ഷണം വെടിഞ്ഞും വിശ്വാസികളെപ്പോലെ നോമ്പെടുക്കാന്‍ സാധിച്ചത്. നഗരസഭയിലെ സുഹൃത്തുക്കള്‍ അത്താഴത്തിനും നോമ്പുതുറക്കുമുള്ള സൗകര്യം ഒരുക്കിത്തരും. പല ദിവസങ്ങളിലും സ്‌നേഹത്തോടെ അവരുടെ വീടുകളിലെ നോമ്പുതുറകളിലേക്ക് ക്ഷണിക്കും. സമൂഹനോമ്പുതുറകളില്‍ പങ്കെടുക്കുമ്പോള്‍ നോമ്പുകാരന്റെ മനസ്സുമായി അതിന്റെ ചൈതന്യം അനുഭവിക്കാന്‍ കഴിയും.
രണ്ടാം ഊഴത്തില്‍ കാസര്‍കോട്ടെത്തിയപ്പോള്‍ നോമ്പനുഷ്ഠിക്കാനുള്ള പ്രചോദനം ഒന്നുകൂടി വര്‍ധിച്ചു. 7 നോമ്പുകള്‍ അതിന്റെ എല്ലാ പവിത്രതയോടെയും കൂടി എടുക്കാന്‍ സാധിച്ചുവെന്ന് തിരുവല്ല സ്വദേശിയായ എസ്. ബിജു ഏറെ ചാരിതാര്‍ത്ഥ്യത്തോടെ ഉത്തരദേശത്തോട് പറഞ്ഞു. മാനസികമായും ശാരീരികമായും വ്രതം നല്‍കുന്ന ഉണര്‍വ്വ് ചെറിയതല്ല.
പൊതുവെ ഭക്ഷണകാര്യത്തില്‍ മിതത്വം പുലര്‍ത്തുന്ന ഒരാളായതിനാല്‍ അത്താഴത്തിന് അധികമൊന്നും കഴിക്കില്ല. അധികവും പഴവും മറ്റ് ഫ്രൂട്‌സുകളും കഴിക്കും. വീട്ടിലാണെങ്കില്‍ നോമ്പ് തുറക്കുമ്പോള്‍ കാരക്കയും ലളിതമായ ഭക്ഷണവും ഉണ്ടാകും. പുറമെയുള്ള ഇഫ്താറുകള്‍ക്ക് പോവുമ്പോള്‍ കാസര്‍കോടിന്റെ തനത് രുചികള്‍ ആസ്വദിക്കാനുള്ള അവസരം കൂടിയായി മാറും.

Advertisement
Advertisement