For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊന്ന് വെട്ടിനുറുക്കി ട്രോളി ബാഗുകളില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ തള്ളി  യുവതിയടക്കം നാലുപേര്‍ പിടിയില്‍

തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊന്ന് വെട്ടിനുറുക്കി ട്രോളി ബാഗുകളില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ തള്ളി; യുവതിയടക്കം നാലുപേര്‍ പിടിയില്‍

02:09 PM May 26, 2023 IST | Utharadesam
Advertisement

പാലക്കാട്: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തള്ളി. സംഭവത്തില്‍ യുവതിയടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദീഖിനെയാണ് ക്രൂരമായി കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗില്‍ കുത്തിനിറച്ച് അട്ടപ്പാടി ഒമ്പതാം വളവില്‍ ഉപേക്ഷിച്ചത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് മലപ്പുറം എസ്.പി സൂരജ്ദാസ് പറഞ്ഞു. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി ഷിബിലി (22), ചളവറ സ്വദേശിനി ഫര്‍ഹാന (18), ഫര്‍ഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിഖ്, ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂര്‍ എന്നിവരാണ് പിടിയിലായത്. ഷിബിലിയേയും ഫര്‍ഹാനയേയും ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. പാലക്കാട് നിന്ന് പിടിയിലായ ആഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം അടങ്ങിയ രണ്ട് ട്രോളികള്‍ അട്ടപ്പാടി ചുരത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹമടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം സംബന്ധിച്ച ദുരൂഹത ഇനിയും പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് എ.ടി.എം വഴിയും ഗൂഗിള്‍പേ വഴിയും മുഴുവന്‍ പണവും പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. മെയ് 19ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 19ന് വൈകിട്ട് 3.09നും 3.11നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റി കൊണ്ടുപോയത്. ഒരു സ്ത്രീയേയും പുരുഷനേയും ദൃശ്യങ്ങളില്‍ കാണാം.
എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍ സിദ്ദീഖിന്റെ പേരില്‍ രണ്ട് മുറിയെടുത്തിരുന്നു. സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
പെരുമാറ്റ ദൂഷ്യം കൊണ്ട് ഷിബിലിയെ ദിവസങ്ങള്‍ക്ക് മുമ്പ് സിദ്ദീഖ് തന്റെ ഹോട്ടലില്‍ നിന്ന് കണക്കുകള്‍ തീര്‍ത്ത് പറഞ്ഞുവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് സിദ്ദീഖിനെ കാണാതായത്. ആഷിക് കൊലപാതകം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഷിബിലിക്കെതിരെ ഫര്‍ഹാന 2021ല്‍ പോക്‌സോ കേസ് നല്‍കിയിരുന്നു. ഫര്‍ഹാനയെ 23ന് രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Advertisement

Advertisement