കര്‍ണാടകയില്‍ സദാചാരഗുണ്ടായിസം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി സിദ്ധരാമയ്യ
ബംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച വൈകുന്നേരം വിധാന സൗധയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാത്തരം സദാചാരഗുണ്ടായിസവും സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പൊലീസ് സേന പൗര സൗഹൃദമായിരിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും മര്യാദയോടെ പരാതികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതങ്ങള്‍ക്കിടയില്‍ വിവേചനം ഇല്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.