For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല സുഹൃദ് സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിക്കും

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല സുഹൃദ് സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിക്കും

05:21 PM May 30, 2022 IST | UD Desk
Advertisement

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല സുഹൃദ് സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ജൂണ്‍ 2ന് വ്യാഴാഴ്ച കാസര്‍കോട് നിന്നും ആരംഭിക്കും.
കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷവും സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്നും നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പൊതുസമൂഹവുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംവദിക്കും.
ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന പര്യടനം മുഴുവന്‍ ജില്ലകളിലും പൂര്‍ത്തികരിച്ച് ജൂണ്‍ 23ന് കോഴിക്കോട് സമാപിക്കും. ഓരോ ജില്ലയിലും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പ്രമുഖ വ്യക്തികള്‍, കലാകായിക രംഗത്തെ മുന്‍നിരക്കാര്‍ തുടങ്ങി ജില്ലയിലെ പ്രമുഖ വ്യക്തികളെ പ്രത്യേകം ക്ഷണിച്ച് വരുത്തി അവരുമായി ആശയവിനിമയം നടത്തുന്ന പരിപാടി കൂടി ഇതോടൊപ്പം സംഘടിപ്പിക്കും. ജൂണ്‍ 2ന് രാവിലെ 10 മണിക്ക് കാസര്‍കോട് കൊല്ലങ്കാനം ട്രിബൂണ്‍ റിസോര്‍ട്ടില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ കാണും. ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., അബ്ദുസമദ് സമദാനി എം.പി., പി.എം.എ.സലാം, കെ.എം.ഷാജി അടക്കം സംസ്ഥാന ദേശീയ നേതാക്കളും എം.പി.മാരും എം.എല്‍.എ.മാരും പ്രസംഗിക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ കൗണ്‍സില്‍, നിയോജക മണ്ഡലം പഞ്ചായത്ത് – മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും വാര്‍ഡ്- ശാഖാ – യൂണിറ്റ് ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാര്‍ട്ടിഅംഗങ്ങളായ ജനപ്രതിനിധികളും പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ. സംബന്ധിച്ചു.

 

Advertisement

Advertisement