സ്പീക്കര്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്
തിരുവനന്തപുരം: നിയമസഭയില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക് പോര്. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ല എന്ന് വിഡി സതീശനും തിരിച്ചടിച്ചു.
പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായും സംസാരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ആരാണ് ബാലന്‍സ് തെറ്റി സംസാരിക്കുന്നത് എന്ന് വി.ഡി സതീശന്‍ തിരിച്ചുചോദിച്ചു. ജൂനിയര്‍ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ സംസാരിച്ചപ്പോള്‍ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും അദ്ദേഹം ചോദിച്ചു. കക്ഷി നേതാക്കളുടെ യോഗത്തില്‍ ഒരുതരത്തിലും വിട്ടു വീഴചയ്ക്കില്ലെന്ന് ഭരണ-പ്രതിപക്ഷം നിലപാടെടുത്തതോടെ നിയമസഭ സുഗമമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി. യോഗത്തിന് ശേഷം സഭാതലത്തിലെത്തിയ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കര്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഇന്നലെ നടന്ന സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു. ഈ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവ് യോജിച്ചു.