For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പോര്‍ച്ചുഗീസ് മണമുള്ള ഗോവ

പോര്‍ച്ചുഗീസ് മണമുള്ള ഗോവ

07:28 PM Feb 12, 2022 IST | UD Desk
Advertisement

ഓരോ യാത്രയും കാഴ്ചകള്‍ മാത്രമല്ല നമുക്കു സമ്മാനിക്കുന്നത്. നമുക്ക് ചുറ്റുമുള്ള പരിചിത/അപരിചിത ലോകത്തെ കൂടിയാണ്. ഒന്നുകൂടി പറഞ്ഞാല്‍ നമ്മെ തന്നെയാണ്. കണ്ടും കേട്ടും അനുഭവിച്ചും ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും നാഗരികതകളും സംസ്‌കാര ഭൂമികയും എല്ലാം അറിയാനും യാത്രകള്‍ ഉപകരിക്കും.
നാം നമുക്ക് നേരേയും ലോകത്തിനു നേരേയും പിടിച്ച ഒരു കണ്ണാടിയാവണം യാത്രകള്‍. ദുബായില്‍ നിന്ന് ഹാരീസ് വിളിച്ചപ്പോള്‍ തന്നെ പോകേണ്ട സ്ഥലം പറഞ്ഞിരുന്നു. ഒപ്പം സുഹൃത്ത് റഫീഖിനോടും ഷരീഫിനോടും വിവരങ്ങള്‍ കൈമാറി. സ്ഥലം ഏതാണന്നല്ലെ? വെയിലും തിരമാലകളും കിന്നാരം പറയുന്ന പകലുകളും പഞ്ചാര മണല്‍ത്തരികളുടെ സ്വച്ഛതയില്‍ ആകാശം മുഴുവന്‍ നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയൊരുക്കുന്ന രാത്രികളും എല്ലാം മറന്നാഘോഷിക്കാന്‍ തീരങ്ങളിലെ പാര്‍ട്ടി മൂഡുമെല്ലാമായി ലോക സഞ്ചാരികളെ മോഹിപ്പിക്കുന്ന ‘കിഴക്കിന്റെ റോം’ എന്നറിയപ്പെടുന്ന ‘ഗോവയിലേക്ക്..’ പോര്‍ച്ചുഗീസ് മണമുള്ള ഗോവ’ ഇന്ത്യയിലെ രാജ്യാന്തര ടൂറിസം കേന്ദ്രമാണ്. ബീച്ച് ടൂറിസത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്ന് വിനോദ സഞ്ചാര മേഖലയില്‍നിന്ന് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്. പ്രശസ്തമായ ഗോവന്‍ കടല്‍ത്തീരങ്ങളും ചരിത്രമുറങ്ങുന്ന ഗോവന്‍ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി-വിദേശി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. അതുകൊണ്ടാണ് ‘കിഴക്കിന്റെ റോം’ എന്ന വിശേഷണവും ഗോവക്കു സ്വന്തമായത്. അങ്ങനെ ആ ദിവസം വന്നെത്തി. നാലുപേര്‍ ഗോവയിലേക്കു രാത്രി 11 മണിക്ക് റോഡു മാര്‍ഗം തിരിച്ചു. ഈ സമയമെല്ലാം
ഗോവയുടെ ചരിത്രവും ഗതകാലസ്മരണകളും ഉറങ്ങുന്ന വഴികള്‍, ഇടങ്ങള്‍ എന്റെ മനസ്സില്‍ തെളിച്ചമില്ലാതെ പാഞ്ഞുകൊണ്ടിരുന്നു.
ഏകദേശം 404 കിലോമീറ്റര്‍ സഞ്ചരിച്ച് രാവിലെ എട്ടോടെ ഞങ്ങള്‍ ഗോവയിലെത്തി. പ്രധാന വഴി വിട്ടു കാര്‍ കേരളത്തോട് സാമ്യമുള്ള നാട്ടു വഴികളിലൂടെ ഒഴുകാന്‍ തുടങ്ങി. വരാന്തയിലേക്ക് തുറക്കുന്ന വലിയ ജനാലകളുള്ള പോര്‍ച്ചുഗീസ് ഭവനങ്ങള്‍ പേരറിയാത്ത മരങ്ങളുടെ നിഴലു വീണ വഴികള്‍ തെങ്ങിന്‍തോപ്പുകളുടെ സമൃധി. പനാജിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുളള ബാഗാ ബീച്ചായിരുന്നു ലക്ഷ്യം. ബാഗാ നദിയുടെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര് ലഭിക്കുന്നത്. നദിയും കടലും ചേരുന്ന നീലിച്ച അപൂര്‍വ്വ കാഴ്ചകളുളള ബാഗാ ബീച്ച് കണ്ടപ്പോള്‍ തന്നെ മനം കുളിര്‍ത്തു. നീലിച്ച കടല്‍ പരപ്പില്‍ ചാഞ്ഞും പുളഞ്ഞും ബോട്ടുകള്‍ തിരമാലകള്‍ക്കിടയില്‍ നൃത്തം വെക്കുന്നു.
ബാഗാ ബീച്ചിനടുത്ത് തന്നെയാണ് റൂം എടുത്തത്. ബാഗാ ബീച്ചിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് സന്ദര്‍ശകരുടെ പ്രീയപ്പെട്ട വിനോദമാണ്. ജറ്റ് സിക്‌സില്‍, പാരാസെയിലിംഗ്, വിന്റ് സര്‍ഫിംഗ്, വേക്ക് ബോര്‍ഡിംഗ്, ബൈക്ക് സര്‍ഫിംഗ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. രണ്ടം ദിനം ഞങ്ങള്‍ വച്ചു പിടിച്ചത് ബീച്ചുകളുടെ റാണി എന്നറിയപ്പെടുന്ന കലാന്‍ഗുട്ടെ ബീച്ചിലേക്കാണ്. ഗോവയിലെ ഏറ്റവും തിരക്കേറിയതും വാണിജ്യ പ്രാധാന്യമുള്ളതുമായ ഒരു ബീച്ചാണ്. കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം എല്ലായ്പ്പോഴും ബാക്ക് പാക്കേഴ്സിന്റെ ഇഷ്ട താവളമാണ്.
മാണ്ഡോവി നദിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനെയും കാണാമെന്നാണ് പറയുന്നത്. പക്ഷെ, ഞങ്ങള്‍ക്ക് ആ ഭാഗ്യമുണ്ടായില്ല. പോകുന്ന വഴിയില്‍ ഏറെ വിവാദമായ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സന്ദര്‍ശിച്ചു. 410 കിലോ ഭാരം വരുന്ന പ്രതിമ ഗോവയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ വാദം.
ഇതാദ്യമായാണ് ഇന്ത്യയില്‍ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. ഗോവയില്‍ നിന്നും ഒരു റൊണാള്‍ഡൊ പിറക്കട്ടെ എന്ന ആഗ്രഹത്തോടെ വണ്ടി നീങ്ങി. ഒരു ദിനം പിന്നിട്ട ഗോവയുടെ യാത്രാവഴികള്‍ എവിടെയുമെത്തിയില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തവും പൗരാണികവുമായ അഗ്വാഡ കോട്ട ബാഗയില്‍ നിന്ന് 10കി.മീറ്റര്‍ ദൂരം ഡച്ചുകാരില്‍ നിന്നും മറാഠികളില്‍ നിന്നുമുള്ള ആക്രമണം പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയായിരുന്നു അഗ്വാഡ കോട്ട, കോട്ടയ്ക്കകത്തൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്.
1864ല്‍ ആണ് ഈ ദീപസ്തംഭം കോട്ടക്കകത്ത് ഉയര്‍ത്തപ്പെട്ടത് എന്നാണ് ചിലയിടങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്. പോര്‍ച്ചുഗീസുകാരുടെ സോഷ്യല്‍ എന്‍ജിനീയറിങ് മികവിന്റെയും ഫലമാണ് അറബിക്കടലിനെ അഭിമുഖീകരിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന അഗ്വാഡ കോട്ട. അടുത്ത ലക്ഷ്യം കൂട്ടുകാരന്‍ പറഞ്ഞ അഞ്ജുന ബീച്ചായിരുന്നു വടക്കന്‍ ഗോവക്ക് പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ ബീച്ച്. ഏതാണ്ട് 30 കിലോമീറ്റര്‍ നീളത്തില്‍ പരന്ന് കിടക്കുന്നു. അറബിക്കടലിനും കടല്‍ തീരത്തുള്ള മലകള്‍ക്കും ഇടയില്‍ വളഞ്ഞ് കിടക്കുന്ന ഈ ബീച്ചിന്റെ തീരത്ത് കറുത്ത മണലിന്റേയും അസാധാരണമായ പാറക്കെട്ടുകളുടേയും സാന്നിധ്യം കൊണ്ട് വ്യത്യസ്ഥമായിരുന്നു അതുകൊണ്ട് ഈ കടല്‍ തീരം അഞ്ജുന അഥവാ ഓസ്‌റാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സൂര്യന്‍ പടിഞ്ഞാറിന്റെ മടിയില്‍ മയങ്ങി വീണു,
ബാഗയിലെ തന്നെ സാറ്റര്‍ഡേ മാര്‍ക്കറ്റ് കാണാന്‍ വണ്ടി തിരിച്ചു.
എല്ലാത്തില്‍ നിന്നും വ്യത്യസ്തവും സുന്ദരവുമായിരുന്നു ബാഗാ, മാര്‍ക്കറ്റിലെത്തുമ്പോള്‍ അവിടം നിറയെ വര്‍ണ്ണവിളക്കുകളാല്‍ അലങ്കരിച്ചിരുന്നു. മസാജ്, സ്പാ പോലുള്ള സുഖ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പാര്‍ലറുകളും ടാറ്റു പാര്‍ലറുകളും ഇവിടെ കുടില്‍ വ്യവസായം പോലെ വഴിയോരങ്ങളില്‍ നിരന്ന് കാണാം, ഓരോ ഗല്ലികളും ഞങ്ങള്‍ നടന്നു കണ്ടു.
യുവത്വത്തിന്റെ ഉന്‍മാദം ഗ്രസിച്ച ജോഡികള്‍ വെറുതെ ചിരിച്ചു ടച്ച് സ്‌ക്രീനുകളില്‍ വിരലോടിച്ചു നടക്കുന്നു. ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു മസാജും ടാറ്റുവും നിര്‍ബന്ധമാണ്. ഫെനിയാണ് ഗോവയുടെ ഇഷ്ട പാനീയം കശുവണ്ടി ഇട്ട് വാറ്റിയ ഫെനി, നാളികേരം കൊണ്ടുള്ള ഫെനി ഇങ്ങനെ തിരഞ്ഞെടുക്കാന്‍ നിരവധി വകഭേദങ്ങള്‍ ഉണ്ട്. ഗോവ തരുന്ന അമിതമായ സ്വാതന്ത്ര്യം ഉറക്കമില്ലാത്ത തെരുവുകളും ജനങ്ങളും സംഗീത സമൃദ്ധമായ സന്ധ്യകളും നിയന്ത്രണങ്ങള്‍ ഇല്ലാതെ ഒഴുകുന്ന ലഹരിയും ഈ നഗരത്തെ യുവാക്കളുടെ സ്വപ്‌ന ഭൂമിയാക്കുന്നതിനു പിന്നില്‍ ഇതാണന്ന് ഞാന്‍ രണ്ട് ദിവസം കൊണ്ട് തിരിച്ചറിഞ്ഞു.
പനാജിയില്‍ നിന്നും 10 കി. മീറ്റര്‍ അകലെയാണ് ഓള്‍ഡ് ഗോവ, കിഴക്കിന്റെ പഴയ ലിസ്ബണ്‍. ചെറുതായി ഭൂതകാലം പരിശോധിച്ചാല്‍ ബി.സി മൂന്നാം ശതകത്തില്‍ ഇന്ത്യയില്‍ നിലനിന്ന മൗര്യ സാമ്രാജ്യ കാലത്തോളം ഗോവയുടെ ചരിത്രം നീണ്ടുകിടക്കുന്നുണ്ട്. ഓള്‍ഡ് ഗോവയിലെ ജസ്യൂട്ട് വാസ്തുവിദ്യയുടെ ഉത്തമ നിദര്‍ശനമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രല്‍ ലക്ഷ്യമാക്കി വണ്ടി പാഞ്ഞു, ഫ്രാന്‍സിസ് സേവ്യര്‍ പുണ്യാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്.
അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍, പുല്‍ത്തൊഴുത്തില്‍ നിര്‍മ്മലമായ ചിരിയോടെ ഉണ്ണിയേശു, ഇറ്റാലിയന്‍ പെയിന്റിങ്ങുകള്‍ അലങ്കരിക്കുന്ന ചുമരുകള്‍, സുവര്‍ണ്ണ അള്‍ത്താരയും അതിലെ സുന്ദരമായ കൊത്തുപണികളും. ബോറോഖ് ശൈലിയുടെ സൗന്ദര്യപരത. കുറച്ചു ദൂരെ സേ കത്തീഡ്രല്‍ പള്ളിയുടെ പുറം ഗോഥിക് രീതിയാണെങ്കിലും അകം പൂര്‍ണമായും കൊറിന്ത്യന്‍. ഗോഥ്, ബോറോഖ്, ഡോറിക് ശില്‍പ്പശൈലികളില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ പള്ളികള്‍. ഐഡിയ പറങ്കികളുടേതെങ്കിലും പണിതത് സൗത്ത് ഇന്ത്യക്കാരായതിനാല്‍ തടിയില്‍ നിറയെ കൊത്തുപണികള്‍ കാണാം. എല്ലാം കഴിഞ്ഞ് നേരെ പോയത് കാലത്തെ തോല്‍പ്പിക്കാന്‍ ചരിത്രത്തിലേക്ക് അടര്‍ന്ന് വീണ അടയാളം പോലെ ആകാശത്തേക്ക് തലയുയര്‍ത്തിയ പഴയ ഗോപുരം ലക്ഷ്യമാക്കിയാണ്, നടന്നു മുകളിലെത്തിയപ്പോള്‍ തന്നെ പഴമയുടെ ഗന്ധം വഹിച്ചെത്തിയ കാറ്റ് എന്നെ തഴുകിയ പോലെ എനിക്കു തോന്നി, തുറന്ന ആകാശത്തിന് താഴേ ചിതറി വീണ ചിലരുടെ അദ്വാനങ്ങള്‍, കരിങ്കല്ലും മണ്‍കല്ലും കൊണ്ട് തീര്‍ത്ത, ഇടനാഴികളും അകത്തളങ്ങളും ഇത് ഗോവയിലെ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്, പള്ളിക്കുണ്ടായിരുന്ന നാല് സ്തൂപങ്ങളില്‍ ഒന്ന് മാത്രമാണ് അവശേഷിക്കുന്നത്. ശേഷിക്കുന്ന ഗോപുരം 46 മീറ്റര്‍ ഉയരത്തില്‍ നല്ല നീളവും വീതിയും ഉളള ലാറ്ററൈറ്റ് കൊണ്ട് നിര്‍മ്മിച്ച നാല് നിലകളുള്ള ഒരു ഘടനയാണ്. ഈ സമുച്ഛയത്തില്‍ എട്ട് ചാപ്പലുകളും നാല് അള്‍ത്താരകളും ഒരു കോണ്‍വെന്റും ഉണ്ടായിരുന്നുവെന്ന് ഇവിടത്തെ രേഖകള്‍ കാണിക്കുന്നു.
അവശേഷിക്കുന്ന ഒറ്റത്തൂണ്‍ ഇപ്പോഴും പോയ കാലത്തിന്റെ പ്രതാപങ്ങളെ ചേര്‍ത്തു പിടിക്കുന്നതായി ഇവിടെ വരുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടും.


1835ല്‍ ഗോവയിലെ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ പുതിയ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ പ്രകാരം ഗോവയിലെ നിരവധി മതപരമായ ഉത്തരവുകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ ഈ പള്ളി ഉപേക്ഷിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.
1842 ല്‍ പള്ളിയുടെ നിലവറ തകര്‍ന്നു, 1931 ല്‍ പള്ളിയുടെ മുന്‍ഭാഗവും പകുതി ഗോപുരവും തകര്‍ന്നു, 1938 ആയപ്പോഴേക്കും മറ്റ് മിക്ക ഭാഗങ്ങളും അടര്‍ന്നു വീണു. കേട്ടറിഞ്ഞ ഗോവയിലെ ചരിത്രത്തിലേക്കുളള ദൂരം ഏറെയുണ്ട്. വണ്ടി പിന്നെയും ഓടി അടുത്ത ലക്ഷ്യം ഓള്‍ഡ് ഗോവയില്‍ നിന്ന് 20 കി.മീറ്റര്‍ ദൂരമുളള സൗത്ത് ഗോവയിലെ ‘പോണ്ട’ എന്ന നഗരത്തിലേക്കാണ്. പറങ്കി കൊളോണിയലിസത്തിന്റെ നീണ്ട 450 വര്‍ഷങ്ങളില്‍ മൈലുകളോളം വികസിച്ച നഗരം എങ്ങും പോര്‍ച്ചുഗലിന്റെ അടയാളങ്ങള്‍ സില്‍ക്കും പോര്‍സലിന്‍ പാത്രങ്ങളും രത്‌നകല്ലുകളും നിറഞ്ഞ കച്ചവട കേന്ദ്രങ്ങളുടെ ഒരു കാലം പോണ്ടയിലെത്തിയപ്പോള്‍ വിശപ്പ് കത്തിക്കാളുന്നു. ഇനിയെല്ലാം ഭക്ഷണം കഴിഞ്ഞ് തേങ്ങയും മത്സ്യവും പ്രധാന ചേരുവയാകുന്ന ആഹാരം. തനതു കൊങ്കിണി വിഭവങ്ങള്‍ നമ്മെ കൊതിപ്പിക്കും. റവയില്‍ വറുത്ത പലതരം മീനുകള്‍, കിംഗ് ഫിഷ് താലിക്ക് ഓര്‍ഡര്‍ ചെയ്തു. പോണ്ടയിലേക്ക് പ്രധാനമായും വന്നത് പതിനാറാം നൂറ്റാണ്ടിലെ ഒരു ഇസ്ലാമിക സ്മാരകം തേടിയാണ്. അകലേന്നു തന്നെ മനോഹരമായ പൂന്തോട്ടവും ജലധാരകളും അടങ്ങുന്ന ഒരു പളളി സമുച്ചയം കണ്ടു. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയെന്ന് ഉറപ്പിച്ചു. ഇതാണ് ‘സഫാ മസ്ജിദ് ‘ പോണ്ടയിലെ ഹരിത വെഞ്ചാമരം വീശിയിടുന്ന സുന്ദരമായ ഒരു കുളത്തിന്റെ കരയിലായാണ് സഫാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ബിജാപൂര്‍ സുല്‍ത്താനായിരുന്ന ആദില്‍ഷായുടെ ഭരണകാലത്താണ് ഗോവയിലെ ഈ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത്.
മുസ്ലിം നാഗരികതയുടെയും ആത്മീയതയുടെയും വലിയ പാഠശാല തന്നെയായിരുന്നു ഒരുകാലത്ത് ബീജാപൂര്‍, ഏകദേശം 27 മോസ്‌ക്കുകള്‍ പതിനാറാം നൂറ്റാണ്ടില്‍ ആദില്‍ ഷാ ഗോവയില്‍ പണി കഴിപ്പിച്ചിട്ടുണ്ട്.
ഗോവയിലെ ദേശീയ പ്രാധാന്യമുള്ള അടക സംരക്ഷിത സ്മാരക മാണിത്. കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി പ്രാര്‍ഥന നിര്‍വ്വഹിച്ച് പോണ്ടയില്‍ നിന്നും മടങ്ങി. ചരിത്രവും വിജ്ഞാനവും ആഘോഷവും സംഗീതവും കെട്ടുപിണഞ്ഞു കിടക്കുന്ന നഗരമാണ് ഗോവ അതില്‍ നമ്മുടെ അഭിരുചിക്കനുസരിച്ചു വേണ്ടത് തിരഞ്ഞെടുക്കാം.
മൂന്ന് ദിവസത്തെ ഗോവ യാത്രയില്‍ നിന്നും മടങ്ങുമ്പോള്‍ കാണുവാനും അറിയാനും ഇനിയും ഏറെ ബാക്കി, പ്രാചീന ഇന്ത്യന്‍ സാമൃാജ്യത്തിന്റെ ഏറ്റവും വലിയ പോരാട്ടങ്ങള്‍, പ്രതിരോധങ്ങള്‍, അസ്തമയങ്ങള്‍ അതില്‍ ചിലത് മാത്രം മനസ്സില്‍ അപ്പോഴേക്കും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു.!

Advertisement

Advertisement